സേവന വേതന പരിഷ്കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം 15-ാം ദിനത്തിലേക്ക് കടന്നു. ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ കോണ്‍ഗ്രസിന്ന് സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രതിഷേധിക്കും. ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി തീപ്പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തുന്നത്. ബഹുജനപിന്തുണയില്‍ തുടരുന്ന സമരത്തിന് കരുത്ത് പകര്‍ന്നുകൊണ്ട് കെ മുരളീധരന് ഇന്ന് സമരവേദിയില്‍ എത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം സമരത്തിന് ഐക്യദാര്‍ഢ്യവുമായി സമരവേദിയില്‍ എത്തിയിരുന്നു. വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.
ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അപഹസിച്ച് വീണ്ടും സിപിഎമ്മിന്റെ നേതാക്കള്‍. ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നില്‍ പെമ്പിളെ ഒരുമൈ പോലുള്ള അരാജക സംഘടനകളെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. തല്‍പ്പര കക്ഷികളുടെ കെണിയില്‍പ്പെട്ടവരാണ് സമരം നടത്തുന്നതെന്നും എളമരം കരീം പറഞ്ഞു.