പി.കൃഷ്ണപിളള സ്മാരകം കത്തിച്ച സംഭവത്തിലെ ‘വെളിപ്പെടുത്തലിൽ’ സിപിഎം നേതാവിന് കുരുക്ക്; പാർട്ടി അച്ചടക്ക നടപടിക്ക് നീക്കം

Jaihind Webdesk
Monday, May 13, 2019

Krishnapilla-Smarakam-alpy

പി കൃഷ്ണപിളള സ്മാരകം കത്തിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ പാർട്ടി ഇടപെട്ടുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് സിപിഎം അന്വേഷണം. കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ബ്രാഞ്ച് കമ്മിറ്റി ചേർന്ന്, ഷിബു ചെല്ലിക്കണ്ടത്തിൽ നിന്നും വിശദീകരണം തേടി. ഇയാൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന.

പി.കൃഷ്ണപിളള സ്മാരകം കത്തിച്ച കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി സാക്ഷികളെ സാധീനിച്ചു മൊഴി തിരുത്താൻ പ്രാദേശിക നേതൃത്വം ഇടപെട്ടുവെന്ന് ഷിബു ചെല്ലിക്കണ്ടത്തിൽ വെളിപ്പെടുത്തി .ഇത് അച്ചടക്ക ലംഘനമാണെന്നാണ് ഏരിയാ നേതൃത്വത്തിന്റെ വിലയിരുത്തൽ. അടിയന്തിരമായി വിളിച്ച ഏരിയ കമ്മിറ്റിയോഗമാണ് വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്.

രാത്രി വൈകി കണ്ണർക്കാട് ബി- ബ്രാഞ്ച് യോഗം ചേർന്ന്, ഷിബു ചെല്ലിക്കണ്ടത്തിലിനോട് വിശദീകരണം തേടി. ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ചിലർകൂടി ഉൾപ്പെട്ട യോഗത്തിൽ, കേസ് അട്ടിമറിക്കാൻ പ്രാദേശിക നേതാക്കൾ ഇടപെട്ടതായി ഷിബു ആവർത്തിച്ചു. വിഷയം പൊതുജനമധ്യത്തിൽ പാർട്ടിക്ക് അപമതിപ്പ് സൃഷ്ടിച്ചുവെന്ന് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. കണ്ണർക്കാട് ലോക്കൽ കമ്മിറ്റിയും കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയും വരും വരും ദിവസങ്ങളിൽ യോഗം ചേരും. വെളിപ്പെടുത്തലിൽ തുടർ നടപടികൾ ആലോചിക്കാൻ ജില്ലാ കമ്മിറ്റിയുടെ പ്രത്യേക യോഗവും ഉടൻ വിളിച്ചുചേർക്കും