പത്തനംതിട്ടയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം നേതാവിന്‍റെ നേതൃത്വത്തിൽ ആക്രമണം

Jaihind Webdesk
Thursday, June 6, 2024

 

പത്തനംതിട്ട: മുറിച്ചിട്ടിരുന്ന മരം പരിശോധിക്കുവാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം നേതാവിന്‍റെ നേതൃത്വത്തിൽ ആക്രമണം. പത്തനംതിട്ട കൊച്ചു കോയിക്കൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പത്തനംതിട്ട കൊച്ചു കോയിക്കലിൽ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അടക്കം സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നാണ് പരാതി. പരാതി നൽകിയിട്ടും ചിറ്റാർ പോലീസിന് കേസെടുക്കാൻ വിമുഖത എന്നും പരാതിയില്‍ പറയുന്നു.

കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെയാണ് തടി പരിശോധിക്കാന്‍ എത്തിയപ്പോൾ ആക്രമിച്ചത്. സിപിഎം പ്രാദേശിക നേതാവ് ജേക്കബ് വളയം പള്ളിയുടെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം. സെക്ഷൻ ഓഫിസർ സുരേഷ്,  ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമ്മു ഉദയൻ എന്നിവർക്കാണ് കാര്യമായ മർദ്ദനം ഏറ്റത്. അക്രമ ദൃശ്യങ്ങൾ പകർത്തിയ ഫോൺ പിടിച്ചു വാങ്ങാനായി കൈ പിടിച്ചു തിരിച്ചു എന്നും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ അടക്കം നൽകിയിട്ടും ചിറ്റാർ പോലീസ് കേസെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. സമാനമായ ആക്രമണങ്ങൾ കാരണം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.