മലപ്പുറം : വ്യാജരേഖ ചമച്ച് പട്ടികജാതി കുടുംബനാഥന് അർഹതപ്പെട്ട ആനുകൂല്യം മുടക്കിയ കേസിൽ സി.പി.എം നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം നേതാവുമായ അബ്ദുൽ അസീസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വന്തമായി വീടില്ലാത്ത പട്ടികജാതിക്കാരന് വീട് നിലവിലുണ്ട് എന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകി ഭവന നിർമ്മാണത്തിനുള്ള പട്ടികജാതി വികസന വകുപ്പിന്‍റെ സഹായം മുടക്കിയ കേസിലാണ് അബ്ദുൽ അസീസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് പ്രതിയെ പെരിന്തൽമണ്ണ ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത്. വലമ്പൂരിലെ വാകശേരി രാവുണ്ണി എന്ന ബാലനെതിരായാണ് വ്യാജരേഖയുണ്ടാക്കിയിരുന്നത്. നേരത്തെ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ 18-ാം നമ്പറുകാരനായി ഉൾപ്പെട്ടിരുന്ന രാവുണ്ണിക്ക് വീടിനുള്ള സഹായം ലഭിക്കാതിരിക്കുകയും രാവുണ്ണിക്ക് പിന്നിലുള്ളവർക്ക് സഹായം ലഭിക്കുകയും ചെയ്തപ്പോൾ ഇതെങ്ങനെ സംഭവിച്ചു എന്ന അന്വേഷണത്തിലാണ്
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്ന് ഇത്തരമൊരു കത്ത് പെരിന്തൽമണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിച്ചതായി അറിയുന്നത്.
തുടർന്ന് രണ്ടുവർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ പി അബ്ദുൽ അസീസിനെ പ്രതി ചേർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. കേസെടുത്തതോടെ രാവുണ്ണിക്ക് വീട് നൽകുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുകയും അബ്ദുൽ അസീസിനെ കേസിൽനിന്ന് രക്ഷപ്പെടുത്തുവാനും രാവുണ്ണിയെ കൊണ്ട് പരാതി പിൻവലിപ്പിക്കാനുമുള്ള ശക്തമായ സമ്മർദ്ദവും ഭീഷണിയും എല്ലാം സി.പി.എം നടത്തുകയുണ്ടായി. എന്നാൽ രാവുണ്ണി പരാതിയിൽ ഉറച്ചു നിന്നതോടെയാണ് പ്രതിയുടെ അറസ്റ്റിലേക്ക് എത്തിയത്.