ഉത്തരം താങ്ങുന്നത് താനാണെന്ന പല്ലിയുടെ ഭാവമാണ് സിപിഐക്ക്; ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരന്‍: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാര്‍

Jaihind News Bureau
Tuesday, January 6, 2026

ഒറ്റപ്പാലം: സിപിഐക്കെതിരെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. അജയകുമാര്‍. പാലക്കാട് ഒറ്റപ്പാലത്തെ മണൂരില്‍ നടന്ന പൊതുയോഗത്തിലാണ് സിപിഐയെ പരിഹസിച്ചും വെല്ലുവിളിച്ചും അജയകുമാര്‍ സംസാരിച്ചത്.

ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്ന് അജയകുമാര്‍ കുറ്റപ്പെടുത്തി. ‘ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്ക്’ എന്നായിരുന്നു പരിഹാസം. സംസ്ഥാനത്ത് അഞ്ച് ശതമാനം വോട്ട് മാത്രമുള്ള പാര്‍ട്ടിയാണ് സിപിഐ. ഒരിടത്തും ഒറ്റയ്ക്ക് നിന്ന് ജയിക്കാനുള്ള ശേഷി അവര്‍ക്കില്ല. നാലിടത്ത് ആളുണ്ടെങ്കില്‍ അഞ്ചിടത്ത് സീറ്റ് ചോദിക്കുന്ന രീതിയാണ് അവരുടേതെന്ന് അജയകുമാര്‍ പരിഹസിച്ചു.

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനും, ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ തങ്ങള്‍ക്കുമാണെന്ന സിപിഐ നിലപാടിനെ അജയകുമാര്‍ രൂക്ഷമായി എതിര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് സിപിഎം മന്ത്രിമാരെയും വിമര്‍ശിക്കുന്നവര്‍, സിപിഐ നിയന്ത്രിക്കുന്ന വകുപ്പുകള്‍ പത്തരമാറ്റ് തങ്കമാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ചോദിച്ചു.

ദീര്‍ഘകാലമായി സിപിഎം-സിപിഐ പോര് നിലനില്‍ക്കുന്ന മേഖലയാണ് ഒറ്റപ്പാലത്തെ മണൂര്‍. അവിടെ നടന്ന പൊതുയോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അജയകുമാര്‍ ഘടകകക്ഷിക്കെതിരെ ആഞ്ഞടിച്ചത്. ഈ പ്രസ്താവന മുന്നണിക്കുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്.