സിപിഎം നേതാവ് കുഞ്ഞിനെ കടത്തിയ സംഭവം; ബാല‌ാവകാശ കമ്മീഷൻ കേസെടുത്തു

Jaihind Webdesk
Friday, October 22, 2021

 

തിരുവനന്തപുരം: കുഞ്ഞിനെ അമ്മയിൽ നിന്നും വേർപെടുത്തി സിപിഎം നേതാവ് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ ബാല‌ാവകാശ കമ്മീഷൻ  കേസെടുത്തു. പേരൂർക്കട പൊലീസ്, സിറ്റി പൊലീസ് കമ്മീഷണർ, ഡിജിപി, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ, ശിശുക്ഷേമ സമിതി ചെയർപേഴ്സൺ സുനന്ദ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്ക് നോട്ടീസ് നൽകി. സംഭവത്തിൽ ഒക്ടോബർ 30നകം വിശദീകരണം നൽകണം.

ബാലാവകാശ കമ്മീഷൻ അംഗം ഫിലിപ്പ് പാറക്കാട്ടാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവശേഷം ആശുപത്രിയിൽ നിന്നും മടങ്ങുമ്പോള്‍ തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കു‍ഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നാണ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ശിശു ക്ഷേമ സമിതി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

സംഭവം വിവാദമായതോടെ സർക്കാർ സംവിധാനങ്ങളും സിപിഎമ്മും വെട്ടിലായി. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ സമീപിച്ച് പരാതി നല്‍കിയെങ്കിലും അന്ന് അദ്ദേഹം പൊട്ടിത്തെറിക്കുകയാണ് ചെയ്തതെന്ന് കുഞ്ഞിന്‍റെ മാതാപിതാക്കളായ അനുപമയും അജിത്തും പറയുന്നു. പാർട്ടിയുടെ ഇപ്പോഴത്തെ നിലപാട് മാറ്റം മുഖം രക്ഷിക്കാനാണെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും അനുപമ വ്യക്തമാക്കി.