പാലായില്‍ കേരള കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുമടക്കി സിപിഎം; ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കി

Jaihind Webdesk
Thursday, January 19, 2023

കോട്ടയം: പാലാ നഗരസഭാ ചെയർമാൻ സ്ഥാനാർത്ഥി നിർണയത്തില്‍ കേരള കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുമടക്കി സിപിഎം. ചെയർമാൻ സ്ഥാനാർത്ഥിയായി ജോസിൻ ബിനോയെ തെരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസിന്‍റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍നിന്ന് സിപിഎമ്മിന് പിന്മാറേണ്ടിവന്നത്. രാവിലെ ചേർന്ന ഇടതുമുന്നണി പാർലമെന്‍ററി പാർട്ടി യോഗത്തിന് ശേഷമായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം. നഗരസഭ കൗൺസിൽ ഹാളിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് 11 മണിക്ക് നടക്കും

ബിനു പുളിക്കക്കണ്ടം ഒഴികെ ആരെയും സ്ഥാനാർത്ഥിയായി അംഗീകരിക്കാമെന്നായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിലപാട്. ഇതിന് പിന്നാലെയാണ് സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ബിനുവിനെ ഒഴിവാക്കി ജോസിന്‍ ബിനോയിയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ പാലാ നഗരസഭയിൽ സിപിഎം ചെയർമാൻ എന്ന പദവിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഇപ്പോൾ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തിരിക്കുന്ന ജോസിൻ ബിനോയി സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. ഇവിടെ സിപിമ്മിന്‍റെ ആറിൽ അഞ്ച് കൗൺസിലർമാരും സ്വതന്ത്രന്മാരാണ്. ബിനു പുളിക്കകണ്ടം മാത്രമായിരുന്നു പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചത്.

ആദ്യത്തെ രണ്ടര വർഷം കേരള കോൺഗ്രസും തുടർന്ന് സിപിഎമ്മും എന്നായിരുന്നു നേരത്തെയുണ്ടാക്കിയ ധാരണ. കേരള കോൺഗ്രസിന്‍റെ കാലാവധി കഴിഞ്ഞതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ബിനുവിനെയാണ് സിപിഎം തുടക്കം മുതല്‍ തന്നെ ചെയർമാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസിന്‍റെ കടുംപിടിത്തത്തിന് മുന്നില്‍ സിപിഎമ്മിന് മുട്ടുമടക്കേണ്ടിവരികയായിരുന്നു.