പ്രവാസി വ്യവസായിയുടെ ആത്മഹത്യ വിവാദത്തിനിടെ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് യോഗം ഇന്ന്; ജില്ലാ കമ്മിറ്റി നാളെ

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് യോഗം ഇന്ന് . ലോകസഭാ തെരഞ്ഞെടുപ്പ് അവലോകാനം ചെയ്യാനാണ് യോഗം ചേരുന്നതെങ്കിലും പ്രവാസിയുടെ ആത്മഹത്യയെ ചൊല്ലി നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിനിടെയാണ് ജില്ല സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. നാളെ ജില്ലാ കമ്മിറ്റിയും യോഗം ചേരുന്നുണ്ട്.

സാജന്‍റെ ആത്മഹത്യയ്ക്ക് കാരണം ആന്തൂർ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയുടെ കടുംപിടുത്തമാണെന്ന ആക്ഷേപം പാർട്ടിയ്ക്ക് അകത്തും,പുറത്തും ശക്തിപ്പെടുന്നതിനിടെയാണ് ജില്ല സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്.

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂരിലെ ചില സിപിഎം നേതാക്കളുടെ ഇടയിൽ ഭിന്നതയും രൂക്ഷമായിരിക്കുകയാണ്. പ്രവാസി വ്യവസായിയുടെ ആത്മഹത്യയ്ക്ക് ശേഷം ഇത് രണ്ടാ തവണയാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. കഴിഞ്ഞ തവണ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യയായിരുന്നു പ്രധാന ചർച്ച വിഷയം. ഈ യോഗത്തിൽ ആന്തൂർ നഗരസഭ ചെയർപേഴ്‌സൻ പി.കെ ശ്യാമളയ്‌ക്കെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്.

കഴിഞ്ഞ ശനിയാഴ്ച ധർമ്മശാലയിൽ നടന്ന വിശദീകരണ യോഗത്തിൽ ഭരണ സമിതിയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് മുൻ ജില്ലാ സെക്രട്ടറി പി.ജയരാജനും, പി.കെ.ശ്യാമള രാജി സന്നദ്ധത അറിയിച്ചെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പറഞ്ഞിരുന്നു.എന്നാൽ സംസ്ഥാന നേതൃത്വം ഇരുവരുടെയും നിലപാട് തള്ളിക്കളഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതി യോഗത്തിൽ ജെയിംസ് മാത്യു എം.വി.ഗോവിന്ദനെ വിമർശിച്ച് രംഗത്തെത്തിയ വാർത്തയും വന്നതിനു പിന്നാലെയാണ് ജില്ല സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. പിന്നീട് ജയിംസ് മാത്യു പാർട്ടി നിലപാടിന് ഒപ്പം നിന്ന് കൊണ്ട് പത്രക്കുറിപ്പ് ഇറക്കിയെങ്കിലും ഇതിന്‍റെ പ്രതിഫലനം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലുണ്ടാവും.

നേതാക്കൻമാർക്കിടയിലെ ഈ ഭിന്നത പ്രാദേശിക തലത്തിലേക്കും വ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ആന്തൂർ നഗരസഭ വൈസ് ചെയർമാനും,ബക്കളം ലോക്കൽ കമ്മറ്റി അംഗവുമായ കെ.ഷാജു പാർട്ടി നിലപാടിനെ പരോക്ഷമായി വിമർശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിൻവലിച്ച ഈ പോസ്റ്റ് പിന്നീട് പി.ജയരാജന്റ മകൻ ജെയിൻരാജ് ഫെയ്‌സബുക്കിൽ പോസ്റ്റ് ചെയ്തു. രണ്ടു തട്ടിലായിരിക്കുന്ന നേതൃത്വത്തെയും,അണികളെയും സമവായത്തിലെത്തിക്കുന്നതിനൊപ്പം നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുകയും അത്യാവശ്യമായിരിക്കുകയാണ്. സെക്രട്ടറിയേറ്റിന് ശേഷം ശനിയാഴ്ച ജില്ല കമ്മറ്റി യോഗവും ചേരും.

Comments (0)
Add Comment