പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ വിവാദത്തിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ബിജെപിയെ കൂട്ടുപിടിച്ച് സിപിഎമ്മിന്‍റെ പ്രതിരോധ നാടകം; നീക്കം ബി.ജെ.പി സഹയാത്രികൻ സന്തോഷ് മേനോനെ മുന്‍നിർത്തി

Jaihind News Bureau
Friday, July 3, 2020

ഇമൊബിലിറ്റി പദ്ധതിയും ടെക്‌നോസിറ്റിയിലെ ഖനന നീക്കവുമെല്ലാം പിണറായി വിജയനെ പ്രതിസ്ഥാനത്ത് എത്തിച്ചതോടെയാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ബി.ജെ.പിക്കാരെ കൂട്ടുപിടിച്ചുള്ള സി.പി.എമ്മിന്‍റെ പുതിയ നീക്കം. ഖനന കമ്പനി മുതലാളിയായ ബിജെപിക്കാരനെ മുൻനിർത്തിയാണ് സിപിഎം പാർട്ടി ചാനൽ രംഗത്തെത്തിയിരിക്കുന്നത്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പറുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ അവിശുദ്ധ ബന്ധം പുറത്തായതോടെ ബി.ജെ.പിക്കായി പ്രവർത്തിക്കുന്ന സന്തോഷ് മേനോനെ കൂട്ടുപിടിച്ചാണ് സി.പി.എമ്മിന്‍റെ പുതിയ പ്രചാരണം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖനന മാഫിയകള്‍ക്കെതിരെ നിലപാട് ശക്തമാക്കിയപ്പോള്‍ വേദനിച്ചിരിക്കുന്നത് സി.പി.എമ്മിനും പാര്‍ട്ടി ചാനലിനുമാണ്. അതുകൊണ്ടുതന്നെ പിണറായിയുടെ അഴിമതി നീക്കങ്ങള്‍ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനെ പാര്‍ട്ടി ചാനലിലൂടെ ആക്രമിക്കാനുള്ള ശ്രമത്തിന് ചുക്കാന്‍ പിടിക്കുന്നതും ഖനന മാഫിയകളാണ്.

ഖനന കമ്പനി മുതലാളിയായ സന്തോഷ് മേനോനെ കൂട്ടുപിടിച്ചാണ് പാര്‍ട്ടി ചാനലും സഖാക്കളും പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ഗുജറാത്ത്  ആണ് സന്തോഷ് മേനോന്‍റെ പ്രവർത്തന‍മേഖല. ഗുജറാത്തില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും ഉറ്റതോഴനായ സന്തോഷ് മേനോനാണ് ഇപ്പോള്‍ കേരളത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ ആക്രമണം നടത്താനായി സിപിഎം സഹയാത്രികനാകുന്നത്. സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ ആശാപുരയില്‍ നിന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. കാസര്‍കോട് നടത്തിയ ഖനന ശ്രമങ്ങളില്‍ പലതവണ കോടതി കയറിയിറങ്ങിയ കമ്പനിയാണ് ആശാപുരയും അതിന്‍റെ മാനേജ്‌മെന്‍റും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി കോടികളുടെ സഹായം ചെയ്തയാളാണ് സന്തോഷ് മേനോന്‍. ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിവരങ്ങളിലും ഇക്കാര്യം വ്യക്തമാണ്.

തിരുവനന്തപുരം ടെക്‌നോ സിറ്റിയിലെ കെം ഡെല്ലിന്‍റെ കളിമണ്‍ ഖനന നീക്കത്തില്‍ ക്രമക്കേട് ആരോപിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചെന്ന ആശാപുര കമ്പനി സി.ഇ.ഒ സന്തോഷ് മേനോന്‍റെ വാക്കുകളാണ് പാര്‍ട്ടി ചാനലിലൂടെ ഉയര്‍ത്തിക്കാട്ടികൊണ്ടിരിക്കുന്നത്. പക്ഷേ, പരിശോധിക്കാമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞതെന്നും ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും പാര്‍ട്ടി ചാനലിലൂടെ പ്രചരിപ്പിക്കുന്ന ഫോണ്‍ സംഭാഷണം കേട്ടാല്‍ വ്യക്തമാകും. ആശാപുര കമ്പനിയുടെ ഖനന നീക്കം തടഞ്ഞതിലുള്ള നീരസമാണ് സന്തോഷ് മേനോന്‍ പ്രകടിപ്പിക്കുന്നതെന്ന് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. ഇതോടെ ഖനന മാഫിയയെ വെള്ളപൂശാനിറങ്ങിയ പാര്‍ട്ടി ചാനലിന് തന്നെ സ്വന്തം നീക്കം  തിരിച്ചടിയായിരിക്കുകയാണ്.

നേരത്തെയും തങ്ങളുടെ കമ്പനിക്ക് എതിരെ രമേശ് ചെന്നിത്തല സമരവുമായി രംഗത്തെത്തിയിരുന്നുവെന്നും അന്ന് ഖനന നീക്കം ഉപേക്ഷിക്കുകയായിരുന്നു എന്നും സന്തോഷ് മേനോന്‍ പാര്‍ട്ടി ചാനലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നിന്നുതന്നെ ഖനന മാഫിയക്ക് പ്രതിപക്ഷ നേതാവിനോടുള്ള നീരസം വ്യക്തമാണ്. ഖനന മാഫിയെ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ രക്ഷിക്കാനുള്ള വിലകുറഞ്ഞ ശ്രമമാണ്  നടത്തുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സര്‍ക്കാരിന്‍റെ പദ്ധതിയായ ഇ മൊബിലിറ്റിയുടെ കരാര്‍ ലഭിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ഡയറക്ടര്‍ ജെയ്ക് ബാലഗോപാലിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ നടത്തുന്ന എക്‌സാലോജിക് സൊലൂഷന്‍സുമായി ബന്ധമുണ്ടാണെന്ന വിവരം പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സി.പി.എമ്മും സര്‍ക്കാരും. ഇതിനെ പ്രതിരോധിക്കാന്‍ ഒരു ന്യായീകരണവും കിട്ടാതായതോടെയാണ് പാര്‍ട്ടി ചാനലിന്‍റെ നേതൃത്വത്തില്‍ ഖനന മാഫിയകളെയും കൂട്ടുപിടിച്ചുള്ള നീക്കം. പക്ഷേ അതും ക്ലച്ച് പിടിച്ചില്ലെന്നതാണ് വാസ്തവം

teevandi enkile ennodu para