‘സിപിഎം വ്യാപക ആക്രമണം അഴിച്ചുവിടുന്നത് പരാജയഭീതി കാരണം’: സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Friday, December 12, 2025

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയ ഭീതി കാരണമാണ് സിപിഎം വ്യാപക ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വിവിധ ജില്ലകളില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് സിപിഎമ്മാണ്. വോട്ടെടുപ്പ് ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും നേരെയാണ് സിപിഎമ്മിന്റെ അക്രമം. വനിതാ സ്ഥാനാര്‍ത്ഥികളെയും ക്രൂരമായി സിപിഎം മര്‍ദ്ദിച്ചു.വേങ്ങാട് പഞ്ചായത്തിലെ പതിനാറാം വര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീന, പോളിംഗ് ഏജന്റ് നരേന്ദ്രബാബു എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത് പട്ടാപ്പകലാണ്.യുഡിഎഫ് പ്രവര്‍ത്തകരുടെ ഓഫീസും വാഹനങ്ങളും ഉള്‍പ്പെടെ അക്രമികള്‍ തല്ലിത്തകര്‍ത്തു.അപ്പോഴും പോലീസ് വെറും കാഴ്ചക്കാര്‍ മാത്രമവുകയാണ്.

കള്ളവോട്ടും അക്രമവും നടത്തി ജാനധിപത്യത്തെ അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിന് പോലീസ് സൗകര്യം ഒരുക്കുകയാണ്. ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കള്ളവോട്ട് രേഖപ്പെടുത്താനുള്ള സിപിഎം നീക്കം യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിന്റെ പകയാണ് ആക്രമണത്തിന് മറ്റൊരു കാരണം. സിപിഎമ്മിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്ക് ഒരുപറ്റം പോലീസ് ഉദ്യോഗസ്ഥരും ചില സര്‍ക്കാര്‍ ജീവനക്കാരും കൂട്ടുനില്‍ക്കുകയാണ്.

സിപിഎം നടത്തുന്ന അക്രമങ്ങള്‍ തടയുന്നതിനോ, പ്രതികളെ പിടികൂടുന്നതിനോ പോലീസ് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഈ അക്രമങ്ങള്‍. അതിനാലാണ് നടപടിയെടുക്കാന്‍ പോലീസ് ഭയക്കുന്നത്.ജനാധിപത്യത്തേയും നിയമവാഴ്ചയേയും വെല്ലുവിളിക്കുന്ന സിപിഎം അക്രമികളെ എത്രയും വേഗം പിടികൂടി കര്‍ശന നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും അല്ലെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.