നിലമ്പൂരില്‍ സിപിഎം ഉപതിരഞ്ഞെടുപ്പ് ഭയക്കുന്നു! നേരിട്ട് പോരിനിറങ്ങി പി.വി. അന്‍വര്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യാതൊരു മയവും ഇല്ലാതെ കടന്നാക്രമിച്ചിരിക്കുന്നു പി.വി. അൻവർ എന്ന നിലമ്പൂർ എംഎൽഎ. മുഖ്യമന്ത്രിയുടെ ഓരോ വിമർശനങ്ങൾക്കും അൻവർ എണ്ണിയെണ്ണി മറുപടി പറയുന്നതാണ് ഇന്ന് കണ്ടത്. മുഖ്യമന്ത്രി അൻവറിനെ കള്ളക്കടത്തുകാരനായി ചിത്രീകരിച്ചതിലുള്ള അമർഷം അൻവറിന്‍റെ ഇന്നത്തെ പത്രസമ്മേളനത്തിൽ വ്യക്തമായിരുന്നു. എഡിജിപി എം.ആര്‍. അജിത്കുമാര്‍ എഴുതി നല്‍കിയത് മുഖ്യമന്ത്രി വായിക്കുകയാണ് എന്നാണ് അൻവർ തുറന്നടിച്ചത്. കടുത്ത ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് മലപ്പുറത്തെ പാര്‍ട്ടി നേതൃത്വവുമായെങ്കിലും മുഖ്യമന്ത്രി ഒന്ന് സംസാരിക്കാമായിരുന്നു എന്നാണ് അന്‍വര്‍ പറയുന്നത്. മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും, കുഴിയിലാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അന്‍വര്‍ ആരോപിക്കുകയാണ്. ഈ ആരോപണങ്ങളെല്ലാം ഉന്നയിക്കുന്നത് ഒരു ഭരണകക്ഷി എംഎൽഎ ആണ് എന്നുള്ളതാണ് ശ്രദ്ധേയം.

അൻവർ ഇന്നത്തെ പത്രസമ്മേളനത്തിന് പിന്നാലെ സിപിഎം വല്ലാത്തൊരു ഭയത്തിലാണ്. എംഎല്‍എ സ്ഥാനം രാജിവക്കാന്‍ പി.വി. അന്‍വര്‍ തീരുമാനിക്കുമോ എന്ന ആശങ്ക സിപിഎമ്മിനെ വല്ലാതെ അലട്ടുന്നുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ സംരക്ഷിക്കുന്നതിനേക്കാള്‍ അന്‍വറിനെ ചൊടിപ്പിക്കുന്നത് ഒരു ഉദ്യോഗസ്ഥനു വേണ്ടി ഭരണകക്ഷിയുടെ ഒരു എംഎല്‍എയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നതിലാണ്. അൻവർ കടുത്ത ആരോപണമുന്നയിച്ച എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ സർക്കാർ നടത്താൻ പോകുന്നത് പേരിന് മാത്രമുള്ള ഒരു അന്വേഷണം.

നിലമ്പൂർ എംഎൽഎയായി നിയമസഭയിലെത്തിയ അൻവർ നേരത്തെ തന്നെ പലതും പ്രതീക്ഷിച്ചിരുന്നു. കെ.ടി. ജിലീലിന് ആദ്യവട്ടം മന്ത്രിയാകാന്‍ അവസരം നല്‍കിയപ്പോള്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ അന്‍വര്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നറുക്ക് വീണത് വി. അബ്ദുറഹിമാനായിരുന്നു. തന്നോട് പാർട്ടിയും മുഖ്യമന്ത്രിയും കാണിക്കുന്ന ഈ അവഗണന അൻവറിനെ വല്ലാതെ അസ്വസ്ഥനാക്കി എന്നുള്ളത് യാഥാർഥ്യമാണ്. ഇടതു സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഏറെ അകന്ന അവസ്ഥയിലാണെന്ന് അന്‍വറും കൂട്ടരും വിലയിരുത്തി കഴിഞ്ഞു. മുഖ്യമന്ത്രിയും ഒരുപരിധി വരെ പാര്‍ട്ടിയില്‍ നിന്നും ജനങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന സമയത്ത് ഒരു ഉപതിരഞ്ഞെടുപ്പ് അനായാസമാണെന്നും കണക്ക് കൂട്ടുന്നു.

ഈ സാഹചര്യത്തിൽ അൻവർ രാജി എന്ന വജ്രായുധം പ്രയോഗിക്കുമോയെന്ന് സിപിഎം വല്ലാതെ ഭയക്കുന്നുണ്ട്. ആരുടേയും പിന്തുണ സ്വീകരിക്കാതെ സ്വതന്ത്രനായി മത്സരിക്കുക എന്ന നീക്കമാണ് അന്‍വറിന്‍റെ മനസിലെന്നാണ് വിവരം. ഇടത് എംഎല്‍എ കുപ്പായത്തിലുള്ള അന്‍വറിനേക്കാള്‍ അപകടകാരിയാണ് ബന്ധം ഉപേക്ഷിച്ച് പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്ന അന്‍വറെന്ന് സിപിഎമ്മിന് നന്നായി അറിയാം.

പി.വി. അന്‍വര്‍ രാജി എന്ന വഴി സ്വീകരിച്ചാൽ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വരും. വിജയിക്കാൻ കഴിഞ്ഞില്ലെങ്കില്‍ പോലും ഇടത് വോട്ടുകളില്‍ അതിശക്തമായി വിള്ളല്‍ വീഴുന്നതോടെ ദയനീയമായ പരാജയമായിരിക്കും ഭരണമുന്നണിയെ കാത്തിരിക്കുന്നത്. വരാൻ പോകുന്ന പാലക്കാട്‌, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം നിലമ്പൂർ കൂടി വരുമോ എന്നാണ് അറിയേണ്ടത്.

Comments (0)
Add Comment