KC VENUGOPAL | ‘വെല്ലുവിളിക്കാന്‍ ആണ്‍കുട്ടികള്‍ എത്തിയാല്‍ സിപിഎമ്മിന് ഭയം’; എല്ലാറ്റിനും തിരിച്ച് കണക്ക് ചോദിക്കുന്ന കാലം വിദൂരമല്ലെന്നും കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Saturday, October 11, 2025

വെല്ലുവിളിക്കാന്‍ ആണ്‍കുട്ടികള്‍ എത്തിയാല്‍ സിപിഎമ്മിന് തടുക്കാന്‍ ഭയമാണെന്ന് ഷാഫി പറമ്പിലിനേറ്റ അക്രമത്തില്‍ നിന്ന് വ്യക്തമാകുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തിയ അഴിമതികളില്‍ അപമാനിതരായി ലക്കുകെട്ടാണ് വിഷയം വഴിതിരിക്കാന്‍ സിപിഎമ്മിന്റെ ശത്രുവായ ഷാഫിയെ വകവരുത്താന്‍ തീരുമാനിച്ചത്. കാക്കി കുപ്പായമിട്ട് നടക്കാന്‍ കേരള പോലീസിന് ഉളുപ്പുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു. പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചു കൊണ്ട് നടന്ന യുഡിഎഫിന്റെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ നിയമലംഘനങ്ങളും കാറ്റില്‍ പറത്തി പോലീസും സിപിഎമ്മും നടത്തുന്ന പ്രവര്‍ത്തികള്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്യും. ഇനിയും ഷാഫിയെ വകവരുത്താന്‍ പോലീസ് ശ്രമിച്ചാല്‍ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഏമാന്മാരെ സുഖിപ്പിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെ ഇനിയും ആക്രമണം അഴിച്ചു വിട്ടാല്‍ ഷാഫി പറമ്പില്‍ എം.പി ആരാണെന്നും കോണ്‍ഗ്രസ് ആരാണെന്നും ബോധ്യപ്പെടുത്തിയിരിക്കും. സിപിഎമ്മിന്റെ അവസാന ഭരണമാണിതെന്നും എല്ലാറ്റിനും തിരിച്ച് കണക്ക് ചോദിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാക്കി കുപ്പായത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിച്ച് പ്രവര്‍ത്തിക്കാന്‍ പോലീസ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

10 കൊല്ലം കേരളം ഭരിച്ചിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താനല്ല, മറിച്ച് ഭരണത്തണലില്‍ കുടുംബത്തില്‍ സമ്പത്ത്് വര്‍ധിപ്പിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ കള്ളന്‍മാരെ രക്ഷിക്കാന്‍ നടക്കുന്ന രഹസ്യ ഡീലിന്റെ ഭാഗമാണ് ഇത്തരം അക്രമങ്ങളെന്നും അതില്‍ ഭയക്കുന്നവരല്ല കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ തുള്ളി ചോരയ്ക്കും ശക്തമായ വികാരത്തോടെ ആയിരം ഇരട്ടി പകരം ചോദിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.