അയ്യപ്പന്‍റെ സ്വര്‍ണം കട്ട് ജയിലിലായവര്‍ക്കെതിരെ നടപടി എടുക്കാത്ത നാണം കെട്ട പാര്‍ട്ടിയാണ് സി.പി.എം; അതുപോലെയല്ല കേരളത്തിലെ കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, December 3, 2025

ജയിലിലേക്കുള്ള സി.പി.എം നേതാക്കളുടെ ഘോഷയാത്ര തുടങ്ങിയിട്ടേയുള്ളൂ. ഇനിയും കൂടുതല്‍ സി.പി.എം നേതാക്കള്‍ ജയിലിലേക്ക് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗൗരവകരമായ തെളിവുകള്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കെതിരെ കോടതിക്ക് മുന്നിലുള്ളതുകൊണ്ടാണ് ജാമ്യം നിഷോധിച്ചത്. ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടിയുടെ അന്വേഷണത്തിലാണ് മുന്‍ ദേവസ്വം പ്രസിഡന്റുമാരായ എന്‍ പത്മകുമാറും വാസുവും ജയിലിലായത്. അവര്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നാണ് പറഞ്ഞത്. പ്രായത്തിന്റെ പരിഗണന നല്‍കണമെന്ന വാദം പോലും കോടതി അനുവദിച്ചില്ല. അത്രയും ഗുരുതരമായ കുറ്റമാണ് അവര്‍ ചെയ്തിരിക്കുന്നത്. എന്നിട്ടും അവര്‍ക്കെതിരെ സി.പി.എം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് വിസ്മയകരം. മറ്റു നേതാക്കള്‍ക്കെതിരെ മൊഴി നല്‍കുമോയെന്നാണ് സി.പി.എമ്മിന്റെ പേടിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

പരാതി പോലും ഇല്ലാത്ത സമയത്താണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് ആദ്യം ലഭിച്ച പരാതിയുടെ കോപ്പി നേതൃത്വത്തിന് കിട്ടിയിരുന്നു. ഇന്നലെ കിട്ടിയ പരാതി കെ.പി.സി.സി അധ്യക്ഷന്‍ ഡി.ജി.പിക്ക് കൈമാറി. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാത്ത നടപടിയാണത്. മുഖ്യമന്ത്രിയുടെയും കോടിയേരി ബലകൃഷ്ണന്റെയും എം.വി ഗോവിന്ദന്റെയും കയ്യില്‍ ഇത്തരത്തിലുള്ള എത്രയോ പരാതികളുണ്ട്. ഒരു പരാതി പോലും പൊലീസിന് കൈമാറാതെ പാര്‍ട്ടി തന്നെ കോടതിയായി തീരുമാനമെടുത്തു. ഒരു പരാതികളും നിയമത്തിന് മുന്നിലേക്ക് വിട്ടില്ല. എത്ര മാതൃകാപരമായാണ് കോണ്‍ഗ്രസ് നടപടി എടുത്തത്. ഇപ്പോള്‍ കിട്ടിയ പരാതിയെ കുറിച്ച് നേതൃത്വം കൂട്ടായി ആലോചന നടത്തി തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ല. നടപടി എടുത്തില്ലായിരുന്നെങ്കില്‍ പാര്‍ട്ടി പ്രതിരോധത്തില്‍ ആയേനെ. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മേല്‍ ഒരു പോറലും പോലും ഏല്‍പ്പിക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടിയെ ഞങ്ങള്‍ സംരക്ഷിക്കും. പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയെ കുറിച്ച് അഭിമാനമാണുള്ളത്. കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്തതു പോലെ രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഇന്നലെയാണ് പുതിയ പരാതി വന്നത്. ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. പരാതിയെ കുറിച്ച് അന്വേഷിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പാര്‍ട്ടി എടുക്കും. നിലവില്‍ കേടതിയിലുള്ള കേസില്‍ ഒരു തടസവും പറഞ്ഞിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് കൃത്യമായ നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ കൊള്ള അന്തരീക്ഷത്തില്‍ നിന്നും പോകുന്നതിനു വേണ്ടിയാണ് ഈ വിഷയത്തെ കുറിച്ച് സി.പി.എം പറയുന്നത്. റേപ്പ് കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിക്കൊണ്ടാണ് സി.പി.എം വലിയ വര്‍ത്തമാനം പറയുന്നത്. അയ്യപ്പന്റെ സ്വര്‍ണം കവര്‍ച്ച ചെയ്തതിന് രണ്ടു പേര്‍ ജയിലിലാണ്. ഒരു നടപടിയും എടുത്തിട്ടില്ല. എന്തൊരു നാണം കെട്ട പാര്‍ട്ടിയാണ് സി.പി.എം. അതുപോലെയാണോ കേരളത്തിലെ കോണ്‍ഗ്രസ്.

നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിവിധ ജില്ലകളിലാണ്. കൂടിയാലോചിച്ച് തീരുമാനം എടുക്കും. പരാതി പോലും ഇല്ലാതെ ബോധ്യങ്ങളില്‍ നിന്നാണ് തീരുമാനം എടുത്തത്. അതിന് ഇപ്പോഴാണ് വിലയുണ്ടായത്. പാര്‍ട്ടിയെ തൊടാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസിന് ഒരു ദോഷവും ഉണ്ടാകില്ല. ജനങ്ങള്‍ കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും താരതമ്യപ്പെടുത്തും. എത്രയോ സ്ത്രീകളുടെ പരാതിയാണ് എ.കെ.ജി സെന്ററിലെ അലമാരയില്‍ പൊടിപിടിച്ചു കിടക്കുന്നത്. കണ്ണൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നും കൊല്ലത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും പാര്‍ട്ടി പ്രവര്‍ത്തകരുടേത് ഉള്‍പ്പെടെ പരാതികളുണ്ട്. പൊലീസിന് കൊടുക്കാത്ത ആ പരാതികളൊക്കെ ഒന്ന് പൊടിതട്ടിയെടുക്ക്. എന്നാല്‍ കോണ്‍ഗ്രസിന് മുന്നില്‍ പരാതി വന്നപ്പോള്‍ നിയമത്തിന് അനുസൃതമായി അന്തസായ നടപടി എടുത്തു. റേപ്പ് കേസിലെ പ്രതികളും അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരും സി.പി.എമ്മന് ഒപ്പം നില്‍ക്കുകയാണ്. അവര്‍ക്കെതിരെ ഒരു നടപടിയും ഇല്ല. ഈ വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ആയാലും കുഴപ്പമില്ല. ജനങ്ങള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും താരതമ്യം ചെയ്യുമെന്നും അദ്ദേഹം ഇടുക്കിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.