സ്ത്രീകള്‍ സമരം ചെയ്താല്‍ അംഗീകരിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് സിപിഎം- ഗോമതി

Jaihind News Bureau
Wednesday, March 5, 2025

സ്ത്രീകള്‍ സമരം ചെയ്താല്‍ കമ്മ്യൂണിസ്റ്റുകാര്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയുമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. അധിക്ഷേപങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഗോമതി പ്രതികരിച്ചത്. സേവന വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം 24ആം ദിനത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഗോമതി കേരള സര്‍ക്കാരിനെതിരെ പ്രതികരിച്ചത്.

പെമ്പിളൈ ഒരുമൈ സമരത്തെ അധിക്ഷേപിച്ചതും ആശാവര്‍ക്കര്‍മാരോട് കാട്ടിയ അതേ രീതിയില്‍ തന്നെയെന്നും ഗോമതി പറഞ്ഞു. സമരം ചെയ്തതിന് ജന്മനാട്ടില്‍ നിന്ന് തനിക്ക് പോകേണ്ടി വന്നെന്നും ജീവിക്കാന്‍ വിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമരം പൊളിക്കാന്‍ സര്‍ക്കാരിന്റെ ശ്രമം ഉണ്ടാകുമെന്നും എന്ത് വന്നാലും ആശാവര്‍ക്കര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഗോമതി ശക്തമായി പ്രതികരിച്ചു. ആരോഗ്യ മന്ത്രി ഒരു വനിത അല്ലേയെന്നും ഗോമതി ചോദിച്ചു. ആശാ വര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഗോമതിയുടെ പ്രതികരണം.