ബ്രൂവറി അഴിമതിയില്‍ സി.പി.എം കൂടുതൽ പ്രതിരോധത്തിൽ

പ്രമുഖ സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ മകനും കിൻഫ്ര ജനറൽ മാനേജറുമായ ടി. ഉണ്ണികൃഷ്ണനാണ് കിൻഫ്രയിൽ ബ്രൂവറിക്കായി ഭൂമി അനുവദിച്ചത്. ഇതിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നു.

ഇതോടെ വൻ അഴിമതി നടന്ന ബ്രൂവറി-ഡിസ്റ്റിലറി ഇടപാടിൽ സി.പി.എം നേതാക്കളുടെ പങ്ക് കൂടുതൽ വ്യക്തമാവുകയാണ്. മദ്യ നിർമാണ ശാലകൾ അനുവദിച്ചത് പിന്നിൽ സി.പി.എം ഉന്നത തലത്തിൽ ഗൂഡാലോചന നടന്നുവെന്ന് ആരോപണം ശരിവെക്കുന്നതാണ് നേതാവിന്റെ മകന്റെ ഇടപെടൽ.

കളമശേരി കിൻഫ്ര ഹൈടെക്ക് പാർക്കിൽ പവർ ഇൻഫ്രാടെക്കിന്‍റെ ബ്രൂവറി സ്ഥാപിക്കുന്നതിന് 10 ഏക്കർ ഭൂമി അനുവദിച്ചതിന് പിന്നിൽ വഴിവിട്ട നടപടികളാണ് ഉണ്ടായത്. 2017 മാർച്ച് 27 ന് കിൻഫ്രയിൽ ഭൂമിക്കായി പവർ ഇൻഫ്രാടെക്ക് സി.എം.ഡി അലക്സ് മാളിയേക്കൽ കിൻഫ്ര ജനറൽ മാനേജർ പ്രൊജക്റ്റിന് അപേക്ഷ നൽകുകയും 48 മണിക്കുറിനുള്ളിൽ ഭൂമി അനുവദിക്കുകയും ചെയ്തു. ബ്രൂവറി തുടങ്ങാൻ വൈദ്യുതിയും വെള്ളവും ഉറപ്പ് നൽകി കത്ത് നൽകുകയും ചെയ്തു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രൂവറിക്കായി കമ്പനി എക്സൈസ് കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കുന്നത്. ഇക്കാര്യം കിൻഫ്ര എം.ഡി അറിഞ്ഞിട്ടില്ല.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് കത്ത് നൽകിയതെന്നും ആക്ഷേപം ഉണ്ട്. ഭൂമി അനുവദിക്കണമെങ്കിൽ ജില്ലാതല വ്യവസായ സമിതി ചർച്ച ചെയ്യണം. എന്നാൽ ഇവിടെ അതുണ്ടായില്ല.സി.പി.എം ഉന്നത നേതൃത്വമാണ് ഈ അസാധാരണ നടപടികൾക്ക് പിന്നിലെന്നാണ് ആക്ഷേപം. സി.പി.എം സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണൻ നായർ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം പുലർത്തുന്ന വ്യക്തിയാണ്. നേരത്തെ വ്യവസായ വകുപ്പ് ഭൂമി അനുവദിച്ചില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞിരുന്നു. ഉണ്ണിക്യഷ്ണന്റെ കത്ത് പുറത്തുവന്നതോടെ മന്ത്രി പറഞ്ഞത് കളവാണന്ന് വ്യക്തമായി.

മന്ത്രി അറിയാതെയാണ് കത്ത് നൽകിയത് എങ്കിൽ പാർട്ടി ഉന്നത നേതൃത്വം ഇടപെട്ടു എന്നതിന്റെ സൂചനയാണ്. നേരത്തെ ബന്ധുനിയമന വിവാദത്തിൽ ഉൾപ്പെട്ട വ്യക്തിയാണ് ഉണ്ണികൃഷ്ണൻ.അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തർക്കവും ഉയർന്നിരുന്നു. ഭൂമി അനുവദിക്കാമെന്ന ഉണ്ണികൃഷ്ണന്റെ കത്ത് സി.പി.എമ്മിനെ കുടുതൽ പ്രതിരോധത്തിലാക്കും.

brewerycpm
Comments (0)
Add Comment