കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ വീണ്ടും പ്രതിരോധത്തിലായി സിപിഎം; പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മന്ത്രി ആർ ബിന്ദു

Jaihind Webdesk
Monday, November 15, 2021

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം വീണ്ടും പ്രതിരോധത്തിൽ. കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ മന്ത്രി ആർ ബിന്ദു പങ്കെടുത്തതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതി അമ്പിളി മഹേഷിന്‍റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. ഇന്നലെയായിരുന്നു ഇരിങ്ങാലക്കുടയിൽ വെച്ച് വിവാഹം നടന്നത്. കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളാണ് അമ്പിളി. അമ്പിളി ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഒളിവിൽ കഴിയുന്ന പ്രതിയുമായി മന്ത്രിക്കുള്ള ബന്ധം പുറത്ത് വന്നതോടെ സിപിഎം പ്രതിരോധത്തിലായി.

മന്ത്രി ആർ ബിന്ദു പ്രതിനിധീകരിക്കുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടന്നത്. എന്നാൽ മന്ത്രി ഇതുവരെ കാര്യമായ പ്രതികരണത്തിന് മുതിർന്നിട്ടില്ല. കേസിലെ പ്രതികൾക്ക് സിപിഎമ്മിലെ ഉന്നത നേതാക്കളുമായുള്ള ബന്ധം നേരത്തെ പുറത്തുവന്നിരുന്നു.
തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങളായ ബാങ്കിലെ ചില മുൻ ഉദ്യോഗസ്ഥർക്ക് എതിരെ സിപിഎം നടപടി എടുത്തിരുന്നു. എന്നാൽ പാർട്ടിയുടെ വ്യക്തമായ അറിവോടെയാണ് തട്ടിപ്പ് നടന്നത് എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഓരോ ദിവസവും പുറത്ത് വരികയാണ്. മന്ത്രി ആർ ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പണം ഉപയോഗിച്ചുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.