ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം; സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി, കോടിയേരി വെട്ടില്‍

Jaihind Webdesk
Tuesday, June 18, 2019

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്ക് എതിരായ ലൈംഗിക പീഡന പരാതി പാർട്ടി സംസ്ഥാന നേത്യത്വത്തിന് തിരിച്ചടിയാകും. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഉന്നത നേതാവിന്‍റെ മകന് എതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണം പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ബിഹാർ സ്വദേശിയായ 33കാരിയാണ് ബിനോയിക്ക് എതിരെ ലൈംഗിക പീഡന പരാതി മുooബ പോലിസ് സ്റ്റേഷനിൽ നൽകിയത്. ദുബായിൽ ഡാൻസ് ബാറിൽ ജീവനക്കാരിയായിരുന്ന കാലയളവിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിക്ക് എട്ടു വയസുകാരനായ മകനുണ്ട്. മുംബൈയിലെ ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന തനിക്കും മകനും ബിനോയ് കോടിയേരിയാണ് കാശ് തന്നിരുന്നത്. എന്നാൽ ബിനോയ് വിവാഹിതനാണെന്ന് അറിഞ്ഞതിന് ശേഷം ബിനോയിയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തുകയാണന്നാണ് യുവതിയുടെ പരാതി.

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയാണ് ലൈംഗിക പീഡന പരാതി ഉയർന്നിരിക്കുന്നത്. ഇത് വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മുന്നണിയുടെ പ്രധാന കക്ഷിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന് എതിരെ ഉള്ള പരാതിയിൽ പാർട്ടി നേതൃത്വം മറുപടി പറയേണ്ടി വരും. സി.പി.എമ്മിന് സംഭവുമായി ബന്ധമില്ലെന്നാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. മുതിർന്ന പി.ബി അംഗം കുടിയായ കോടിയേരി ബാലകൃഷ്ണന്‍റെ മകന് എതിരായ ആരോപണത്തിൽ നിന്നും പാർട്ടി ദേശിയ നേതൃത്വത്തിന് അധികാലം ഒഴിഞ്ഞുനിൽക്കാൻ കഴിയില്ല.

എന്നാൽ വ്യക്തിപരമായ വിഷയം ആണങ്കിലും സംസ്ഥാന സെക്രട്ടറിയുടെ മകൻ ആരോപണ വിധേയനായ സാഹചര്യത്തിൽ രാഷ്ട്രീയമായി സി.പി.എമ്മിന് ഇത് തിരിച്ചടിയാണ്. ബിനോയിക്ക് എതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നത് കഴിഞ്ഞ വർഷമായിരുന്നു. ഇതിനെ തുടർന്ന് യു.എ ഇ അദ്ദേഹത്തിന് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മക്കൾക്ക് എതിരെ തുടരെ ഉണ്ടാകുന്ന ആരോപണങ്ങള്‍ പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കോടിയേരി പാർട്ടിയിൽ ഒറ്റപ്പെടുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ മകള്‍ക്ക് നേരെ ഉള്ള ആരോപണങ്ങൾ പാർട്ടിയെയാണ് ബാധിക്കുന്നത്. ഇത് ചുമക്കണ്ടേ ബാധ്യത പാർട്ടിക്കുണ്ടോ എന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗം ഉന്നയിക്കുന്നത്. സി.പി.എ മ്മിലെ കണ്ണൂർ ലോബിയും ഈ ചോദ്യം ശരിവെക്കുന്നു.