സിപിഎം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകര്‍ത്തു: സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Thursday, May 15, 2025

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് സിപിഎമ്മിന് അനുകൂലമായി തിരുത്തിയിട്ടുണ്ടെന്ന ജി.സുധാകരന്റെ പ്രസ്താവന അവര്‍ നടത്തിയ നിരവധി തെരഞ്ഞെടുപ്പ് അട്ടിമറികളില്‍ ഒന്നുമാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കള്ളവോട്ട്, ബൂത്ത് പിടിത്തം തുടങ്ങിയവ സിപിഎമ്മിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടാണ് ഇവര്‍ ജനാധിപത്യ പ്രക്രിയയില്‍ എക്കാലവും പങ്കെടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ തകര്‍ത്ത പാര്‍ട്ടിയാണ് സിപിഎം.

കാലങ്ങളായി സിപിഎം നടത്തുന്ന ക്രമക്കേടുകളുടെ ഒരേട് മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നത്. ഇനിയും പുറത്തുവരാത്ത എത്ര സംഭവങ്ങളാണുള്ളത്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിലും വോട്ടിംഗ് തിരിമറി നടന്നിട്ടുണ്ട്. കള്ളവോട്ടും ബൂത്തുപിടിത്തവും നടത്തിയാണ് പലയിടത്തും സിപിഎം വിജയിച്ചത്. അത് സാധൂകരിക്കുന്നത് കൂടിയാണ് ജി.സുധാകരന്റെ പരസ്യമായ വെളിപ്പെടുത്തല്‍. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടെ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയിട്ടുണ്ട്.അതെല്ലാം കണ്ടെത്തി ശക്തമായ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.