കണ്ണൂരില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം തടഞ്ഞ് സിപിഎം ഗുണ്ടായിസം; അസഭ്യവര്‍ഷം, കയ്യേറ്റ ശ്രമം

Jaihind Webdesk
Sunday, January 16, 2022

കണ്ണൂർ : കണ്ണൂർമുഴക്കുന്ന് മണ്ഡലത്തിലെ മുടക്കൊഴി ഗുണ്ടികയിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപികരണ യോഗം സി പി എം പ്രവർത്തകർ തടഞ്ഞു. മുടക്കൊഴി മലയുടെ സമീപം ഗുണ്ടികയിൽ സിയുസി രൂപികരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഇരുപതോളം വരുന്ന സിപിഎം പ്രവർത്തകർ യോഗം തടഞ്ഞത്. യോഗത്തിന് എത്തിയ സ്ത്രീകളെ അസഭ്യം പറയുകയും നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

മുടക്കൊഴി മല ഉൾപ്പെടുന്ന ബൂത്തിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗം ബൂത്ത് പ്രസിഡന്‍റ് രമേശന്‍റെ വീട്ടിൽ നടക്കുന്നതിനിടെ സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ തടയുകയായിരുന്നു. സിയുസി രൂപികരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഇരുപതോളം വരുന്ന സിപിഎം പ്രവർത്തകർ സിയുസി രൂപീകരണ യോഗം ചേർന്ന സ്ഥലത്ത് എത്തിയത്. യോഗത്തിന് എത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറഞ്ഞു.

യോഗത്തിന് എത്തിയ ഡിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസലടക്കമുള്ള നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മുഴക്കുന്നിലെ സിപിഎം നേതാക്കളായ ശ്രീധരൻ, ശ്രീജിത്ത്, അഖിൽ, അനൂപ്, ധനേഷ്, വിനീത് തുടങ്ങിയവരുടെ നേതൃത്തിലാണ് യോഗസ്ഥലം കയ്യേറിയത്. സിപിഎമ്മിന്‍റെ പാർട്ടി ഗ്രാമത്തിൽ മറ്റൊരു യൂണിറ്റ് ആവശ്യമില്ലെന്ന് പറഞ്ഞാണ് കയ്യേറ്റവും അസഭ്യവർഷവും.

പോലീസ് സ്ഥലത്ത് എത്തിയെങ്കിലും യോഗത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാൻ സിപിഎം പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് പോലീസും തയാറായില്ല. തുടർന്ന് യോഗം നടത്താനായില്ല. നിരവധി കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകരാണ് യോഗം തടഞ്ഞത്. സിപിഎമ്മിന്‍റെ പാർട്ടി ഗ്രാമമായാണ് മുഴക്കുന്ന് അറിയപ്പെടുന്നത്. മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കൊഴിയിലായിരുന്നു ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും മറ്റും ഒളിവിൽ കഴിഞ്ഞിരുന്നത്.