സി.പി.എം ഗുണ്ടായിസം അതിരുകടന്നു: കണ്ണൂരില്‍ വ്യാപക അതിക്രമം; വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് ഉള്‍പ്പടെ മര്‍ദ്ദനം

Jaihind News Bureau
Thursday, December 11, 2025

തദ്ദേശ തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും കണ്ണൂരില്‍ പലയിടത്തും സിപിഎം അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഗ്രാമമേഖലയിലാണ് കൂടുതലും സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ടത്. ജില്ല പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് നേരെയും അക്രമമുണ്ടായി. പേരാവൂര്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജിത മോഹനെയാണ് അക്രമിച്ചത്. മുഴക്കുന്ന് വട്ടപോയില്‍ സ്‌കൂളിലെ ബൂത്തില്‍ സി പി എം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു അക്രമികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ സി പി എം പ്രവര്‍ത്തകര്‍ എടുത്ത് കൊണ്ടുപോയി.

കണ്ണൂര്‍ കടമ്പൂര്‍ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് യുഡിഎഫ് ബൂത്തിന് നേരെ സിപിഎം അക്രമമുണ്ടായി. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബൂത്ത് അലങ്കോലമാക്കാന്‍ ശ്രമമുണ്ടായി .കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സുമേഷിന് മര്‍ദ്ദനമേറ്റു. കോക്കാട് വാര്‍ഡിലെ ബൂത്തായ മണ്ടൂര്‍ എല്‍ പി സ്‌കൂളിലാണ് സഥാനാര്‍ത്ഥിയ്‌ക്കെതിരേ അക്രമം നടന്നത്.

കണ്ണൂര്‍ കതിരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ അതിക്രമം. പാനൂര്‍ ബ്ലോക്ക് യുഡിഎഫ് പുല്ല്യോട് ഡിവിഷന്‍ സ്ഥാനാര്‍ഥി കെ ലതിക ബൂത്തിനകത്ത് അക്രമത്തിനിരയായി. കതിരൂര്‍ അഞ്ചാം വാര്‍ഡ് വേറ്റുമ്മല്‍ മാപ്പിള എല്‍ പി സ്‌കൂളിലെ ബൂത്തില്‍ വെച്ചാണ് അക്രമം നടന്നത്. ബൂത്തിനകത്ത് അതിക്രമിച്ചെത്തിയ സി പി എം പ്രവര്‍ത്തകര്‍ ലതികയുടെ കൈയ്യില്‍ നിന്ന് ബലം പ്രയോഗിച്ച് വോട്ടേഴ്‌സ് ലിസ്റ്റ് പിടിച്ചു വാങ്ങി. അവരെ തള്ളിയിടാന്‍ ശ്രമിച്ചു. അസഭ്യം പറഞ്ഞു. ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപതിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബൂത്തിലെത്തിയ യുഡിഎഫ് വനിത സ്ഥാനാര്‍ത്ഥിക്കു നേരേയും അക്രമം ഉണ്ടായി. മാലൂര്‍ പതിനൊന്നാ വാര്‍ഡ് കുണ്ടേരി പൊയില്‍ എല്‍ പി സ്‌കൂളിലെ ബൂത്തില്‍ കയറിയാണ് സി പി എം പ്രവര്‍ത്തകരുടെ അതിക്രമം. യുഡിഎഫ് സ്ഥാനാര്‍ത്ഥി അമല, യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി രാഹുല്‍ മേക്കിലേരി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കള്ളവോട്ട് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം

അഴിക്കോട് പഞ്ചായത്ത് 14, 15 വാര്‍ഡുകളില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമം ഉണ്ടായി.മീങ്കുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ചാന്ദിനി, മോഹനന്‍ എന്നിവരെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. യുഡിഎഫ് ബൂത്ത് ഏജന്റ് കള്ളവോട്ട് തടഞ്ഞതിനെ തുടര്‍ന്നാണ് ബൂത്തില്‍ ബഹളമുണ്ടായത്. പയ്യന്നൂരില്‍ നഗരസഭ വാര്‍ഡ് 43 ലെ ബൂത്തിലെ യുഡിഎഫ് ഏജന്റുമാരെ ബലം പ്രയോഗിച്ച് ബൂത്തില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇറക്കിവിട്ടു. പയ്യന്നൂര്‍ നഗരസഭയിലെ വാര്‍ഡ് 17 ല്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമം. വ്യാജ തിരിച്ചറിയല്‍ രേഖയുമായി എത്തിയ 4 പേരെ പ്രിസൈഡിംഗ് ഓഫീസര്‍ തടഞ്ഞു. പെരുമ്പമാപ്പിള LP സ്‌കൂളിലാണ് സംഭവം. സി പി എം ഏജന്റ് ഉദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കമുണ്ടായി. പോളിംഗ് അല്പ നേരം തടസ്സപ്പെട്ടു

തലശ്ശേരി നഗരസഭയിലെ ഇരുപതാം വാര്‍ഡില്‍ ആരോഗ്യപ്രശ്‌നം ഇല്ലാത്തവരെയും സിപിഎമ്മുകാര്‍ ഓപ്പണ്‍ വോട്ട് ചെയ്യിപ്പിക്കുന്നതായി പരാതി ഉയര്‍ന്നു. വയലളം വെസ്റ്റ് എല്‍ പി സ്‌കൂളിലെ ബൂത്തില്‍ ഇതു ചോദ്യം ചെയ്ത പ്രിസൈഡിങ് ഓഫീസറോട് സിപിഎം പ്രാദേശിക നേതാവ് തട്ടിക്കയറുകയും ചെയ്തു. സിപിഎമ്മിന്റെ കുത്തകയായി പറയപ്പെടുന്ന സ്ഥലമാണ് ഈ പ്രദേശം .

കാസര്‍കോട് കുബഡാജെ ജില്ലാ പഞ്ചായത്ത് LDF സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപം നാടന്‍ ബോംബ് ശേഖരം കണ്ടെത്തി. കെ പ്രകാശിന്റെ വീടിന് സമീപമാണ് നാല് നാടന്‍ ബോംബുകള്‍ കണ്ടത്. ഇവയില്‍ ഒരെണ്ണം നായ കടിച്ച് പൊട്ടിച്ചതോടെയാണ് വിവരം അറിഞ്ഞത്. കണ്ണൂര്‍ പിണറായി വെണ്ടുട്ടായില്‍ വോട്ടു ചെയ്യാനെത്തിയ വയോധികയെ ഇടിച്ചു വീഴ്ത്തി വാഹനം നിര്‍ത്താതെ പോയതായും പരാതിയുണ്ട്. മകനൊപ്പം വോട്ടു ചെയ്യാന്‍ പോവുകയായിരുന്ന ആക്കുകണ്ടിയില്‍ ശാരദയ്ക്കാണ് പരുക്ക്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.