ആക്രമണം തുടർന്ന് സി.പി.എം ; കോണ്‍ഗ്രസ് പ്രവർത്തകർക്കും ഓഫീസുകള്‍ക്കും നേരെ വ്യാപക ആക്രമണം

Jaihind News Bureau
Wednesday, September 2, 2020

തിരുവനന്തപുരം : സംസ്ഥാനമൊട്ടാകെ വ്യാപക ആക്രമണം അഴിച്ചുവിട്ട് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകര്‍. നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചുതകർത്തു. കോണ്‍ഗ്രസിന്‍റെ കൊടിമരങ്ങള്‍ തകർക്കുകയും പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്തു. വെഞ്ഞാറമൂട് കൊലപാതകത്തിന്‍റെ മറവിലാണ് സി.പി.എം സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചുവിടുന്നത്.

വെഞ്ഞാറമൂട് കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടും ഇതിനെ രാഷ്ട്രീയപരമായി ഉപയോഗിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നാണ് ആസൂത്രിതമായ ആക്രമണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് സി.പി.എം അടിച്ചു തകർത്തു. കൊടി തോരണങ്ങൾ നശിപ്പിച്ചു.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ജി ലീനയുടെ മുട്ടത്തറയിലെ വീടിന് നേരെയും ആക്രമണം ഉണ്ടായി. വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകർത്തു. പുലർച്ചെ രണ്ട് മണിയോട്‌ കൂടിയായിരുന്നു സംഭവം. ജനൽ ചില്ല് കൊണ്ട് ലീനക്കും മകൾക്കും സാരമായ പരിക്കേറ്റു. സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് സി.പി.എം നടത്തുന്നത്.

അതേസമയം വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പേരില്‍ മൂന്ന് പേര്‍ അറിയപ്പെടുന്ന സി.പി.എം പ്രവര്‍ത്തരാണ്. കൊല്ലപ്പെട്ട മിഥുലാജ് ആകട്ടെ ഏറെ നാളായി സി.പി.എമ്മിന്‍റെ കണ്ണിലെ കരടും. ഡി.വൈ.എഫ്.ഐ ഏരിയ ജോയിന്‍റ് സെക്രട്ടറിയും വെഞ്ഞാറമൂട്ടിലെ അറിയപ്പെടുന്ന സി.പി.എം ഗുണ്ടയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ അടുത്ത അനുയായുമായ സഞ്ജയനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ ഒന്നാം പ്രതിയാണ് മിഥുലാജ്. കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പ്രതികളുടെ സി.പി.എം ബന്ധം.