മലപ്പുറം എരമംഗലത്ത് ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും മര്‍ദിച്ചുവെന്ന പരാതിയില്‍ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു പൊലീസുകാരനെ സ്ഥലം മാറ്റി
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സാന്‍ സോമന്‍, സിവില്‍ പൊലീസ് ഓഫിസര്‍ യു ഉമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സിവില്‍ പൊലീസ് ഓഫിസര്‍ ജെ ജോജോയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റി. പുഴക്കര ഉത്സവത്തിനിടെയായിരുന്നു പൊലീസുകാരുടെ അതിക്രമം
സിപിഎം പൊന്നാനി ഏരിയ കമ്മറ്റി സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു. ഏപ്രില്‍ 2ന് നടന്ന പുഴക്കര ഉത്സവത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാര്‍ സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി അംഗം സുരേഷ് കാക്കനാത്തിന്റെ മകന്‍ അഭിരാമിന്റെ പല്ല് അടിച്ചുപൊട്ടിക്കുകയും ഒപ്പം ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചു എന്നുമുള്ള പരാതിയിലാണ് നടപടി. സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.