തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ബാക്കിനില്‍ക്കെ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി സിബിഐ അന്വേഷണങ്ങള്‍

Jaihind News Bureau
Wednesday, August 26, 2020

തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ശേഷിക്കെ സി പി എം പ്രതിസ്ഥാനത്തുള്ള പെരിയ ഇരട്ട കൊലപാതക കേസ് ഉൾപ്പടെയുള്ള കേസുകൾ സിബിഐ അന്വേഷിക്കുന്നത് സി.പി.എമ്മിനെ രാഷ്ട്രീയമായി ഏറെ പ്രതിസന്ധിയിലാക്കും. ഫസൽ, ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകൾക്ക് പിന്നാലെ സി.ബി.ഐ അന്വേഷിക്കുന്ന നാലാമത്തെ രാഷ്ട്രീയ കൊലപാതക കേസാണ് പെരിയ ഇരട്ടക്കൊലപാതകം.

സി.ബി.ഐ ഏറ്റെടുത്ത ഉത്തര കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതക കേസായിരുന്നു തലശേരി ഫസല്‍ വധക്കേസ്. 2006 ഒക്ടോബര്‍ 22നാണ് മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. 2008 ഏപ്രില്‍ 5ന് ഈ കേസ് സി.ബി.ഐ ഏറ്റെടുത്തു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനുമടക്കമുളളവര്‍ കേസില്‍ പ്രതികളാണ്. അരിയില്‍ ഷുക്കൂര്‍ വധക്കേസിലാവട്ടെ സി.പി.എം സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എയുമാണ് പ്രതിപ്പട്ടികയിലുളളത്. ഗൂഢാലോചനക്കുറ്റത്തിന് ഇരുവരും അറസ്റ്റിലാവുകയും ചെയ്തു.

കതിരൂര്‍ മനോജ് വധക്കേസിൽ ഇരുപത്തിയഞ്ചാം പ്രതിയാണ് പി.ജയരാജന്‍. പെരിയ കേസിലും ആരോപണത്തിന്‍റെ മുന നീളുന്നത് സി.പി.എം കണ്ണൂർ നേതൃത്വത്തിന് നേരെയാണ്. സി.ബി.ഐ അന്വേഷണത്തിന് തടയിടാന്‍ പാര്‍ട്ടിയും സര്‍ക്കാരും കിണഞ്ഞ് ശ്രമിച്ചങ്കിലും അത് നടന്നില്ല. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ അടക്കമുളളവര്‍ക്ക് പെരിയ കേസില്‍ ബന്ധമുണ്ടെന്ന് കൊല്ലപ്പെട്ട ശരത്തിന്‍റെയും ക്യപേഷിന്‍റെയും ബന്ധുക്കൾ ആരോപിച്ചിരുന്നു. സി ബി ഐ അന്വേഷണത്തിൽ കുടുതൽ സിപി എം നേതാക്കൾ പ്രതിപ്പട്ടികയിൽ വരുമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. ഇതിനൊപ്പം എടന്നൂര്‍ ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടണമെന്ന ബന്ധുക്കളുടെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. പെരിയ-ഷുഹൈബ് വധക്കേസുകള്‍ സി.ബി.ഐക്ക് വിടുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിച്ചതും വിവാദമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കൊലപാതക കേസുകളില്‍ നേതാക്കള്‍ സി.ബി.ഐ അന്വേഷണം നേരിടണ്ടി വരുന്നത് സി.പി.എമ്മിനെ ഏറെ പ്രതിസന്ധിയിലാക്കും. കൊലപാതക രാഷ്ട്രിയം വീണ്ടും പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി ഉയർന്ന് വരുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്.

https://youtu.be/LQchH3ZayXQ