തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കമായ കേരള ക്രിക്കറ്റ് ലീഗിന് (കെ.സി.എല്‍) തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. സൂപ്പര്‍താരം മോഹന്‍ലാലിന്റെ സാന്നിധ്യവും കേരളത്തനിമ നിറഞ്ഞുനിന്ന കലാവിരുന്നും ഒത്തുചേര്‍ന്നപ്പോള്‍, ഉദ്ഘാടനച്ചടങ്ങുകള്‍ കാണികള്‍ക്ക് ഉത്സവ പ്രതീതി സമ്മാനിച്ചു.
കാണികളുടെ ആവേശം വാനോളമുയര്‍ത്തിക്കൊണ്ടാണ് ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡറായ പ്രിയതാരം മോഹന്‍ലാല്‍ കെസിഎല്‍ രണ്ടാം സീസണിന് ഔദ്യോഗിക തുടക്കം കുറിച്ചത്. അമ്പതോളം കലാകാരന്മാര്‍ അണിനിരന്ന് അവതരിപ്പിച്ച, കേരളത്തിന്റെ വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത-നൃത്ത ശില്പം കാണികളുടെ കണ്ണുകള്‍ക്ക് കുളിര്‍മയേകി. ക്രിക്കറ്റ് പൂരത്തിന് തുടക്കം കുറിച്ച ഉദ്ഘാടന രാവ് ആരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാര്‍, കെസിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ നാസിര്‍ മച്ചാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.