മലപ്പുറം ഡിസിസി ഓഫീസിന് നേരെ സിപിഎം-ഡിവൈഎഫ്ഐ ആക്രമണം; സംഘർഷം

Jaihind Webdesk
Monday, January 10, 2022

മലപ്പുറത്ത് ഡിസിസി ഓഫീസിന് നേരെ സിപിഎം – ഡിവൈഎഫ്ഐ ആക്രമണം. കോൺഗ്രസ് കൊടികളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പങ്കെടുത്ത ടൗൺ ഹാളിലെ യോഗസ്ഥലത്തേക്ക് സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യവുമായി പ്രകടനം നടത്തി. പൊലീസ് നിഷ്ക്രിയത്തിൽ പ്രതിഷേധിച്ച് രാത്രി ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് പ്രകടനം നടത്തി.

ടൗൺ ഹാളിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പങ്കെടുക്കുന്ന കോൺഗ്രസ് മേഖലാ കൺവെൻഷന്‍
കേന്ദ്രീകരിച്ചായിരുന്നു എസ്എഫ്ഐ- സിപിഎം – ഡിവൈഎഫ്ഐ പ്രകടനങ്ങളും അക്രമസംഭവങ്ങളും നടന്നത്. ഡിസിസി പരിസരത്തെ കൊടികളും ഫ്ലക്സുകളും നശിപ്പിച്ചുകൊണ്ടായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രകടനം. തുടർന്ന് മലപ്പുറം ടൗണിൽ നിന്നും ആരംഭിച്ച സിപിഎം പ്രതിഷേധ പ്രകടനം ടൗൺ ഹാളിന് മുന്നിൽ എത്തിയതോടെ പ്രകോപന പരമായ മുദ്രാവാക്യം വിളികളും പോലീസിനും, കോണ്‍ഗ്രസ് പ്രവർത്തകർക്കും നേരെ അക്രമവുമായി മാറി.

പിന്നാലെ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ടൌണ്‍ ഹാള്‍ പരിസരത്ത് അക്രമം അഴിച്ചുവിട്ടു. പ്രവർത്തകരെ മർദ്ദിക്കാൻ ശ്രമമുണ്ടായതോടെ കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. 2 മണിക്കൂറോളം ടൗൺ ഹാൾ പരിസരത്ത് അക്രമസംഭവങ്ങൾ തുടർന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇടപ്പെട്ട് പ്രവർത്തകരെ സമാധാനിപ്പിച്ചതോടെയാണ് രംഗം ശാന്തമായത്.

എസ്എഫ്ഐ- സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ അക്രമം തടയാതെ പൊലീസ് നോക്കുകുത്തിയായി നിലകൊണ്ടതിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടന്‍ ഷൌക്കത്ത്, ആലിപ്പറ്റ ജമീല, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി തുടങ്ങിയവരുടെ നേതൃത്വത്തിൽ രാത്രി എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. അക്രമികൾക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെങ്കിൻ രാഷ്ട്രീയമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ് മുന്നറിയിപ്പ് നൽകി.