തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ തള്ളിയും എസ്എഫ്ഐ നേതാക്കളെ സംരക്ഷിച്ചും തിരുവനന്തപുരം ജില്ലാ നേതൃത്വം. എസ്എഫ്ഐ നേതാക്കള്‍ മദ്യലഹരിയില്‍ അഴിഞ്ഞാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിരിച്ചുവിടാന്‍ എം.വി ഗോവിന്ദന്‍ നിർദേശിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പായില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കാതെ എസ്എഫ്ഐ നേതാക്കളെ സംരക്ഷിക്കുന്നതിന് പിന്നില്‍ ജില്ലാ സെക്രട്ടേറിയറ്റിലെ പ്രമുഖനാണെന്നാണ് വിവരം.
എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റും സെക്രട്ടറിയും മദ്യലഹരിയിലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നത് പാർട്ടിക്ക് നാണക്കേടുണ്ടാക്കിയതോടെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ഇടപെടല്‍. എസ്എഫഅഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിരിച്ചുവിടാനായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ നിർദേശം. എം.വി ഗോവിന്ദന്‍ കൂടി പങ്കെുത്ത എസ്എഫ്ഐ ജില്ലാ ഫ്രാക്ഷന്‍ യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. പാര്‍ട്ടിയുടെ തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങളില്‍ എം.വി ഗോവിന്ദന് അതൃപ്തിയുണ്ട്. ഇക്കാര്യം സംസ്ഥാന സമിതിയില്‍ അദ്ദേഹം തുറന്നടിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്തെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനുവരി 7, 8 തീയതികളില്‍ ജില്ലാ കമ്മിറ്റി വിളിച്ചുചേർക്കും. അതേസമയം ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിനുശേഷം ബിയര്‍പാര്‍ലറില്‍ കയറി മദ്യപിച്ച സിപിഎം നേതാവിനെതിരായ നടപടി തീരുമാനിക്കാന്‍ നേമം ഏരിയ കമ്മിറ്റി ഇന്നു യോഗം ചേരും. ഉച്ച കഴിഞ്ഞാണ് യോഗം ചേരുന്നത്.