സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; വിഭാഗീയതയും പ്രാദേശിക പ്രശ്നങ്ങളും രൂക്ഷം

Jaihind Webdesk
Friday, December 10, 2021

 

കണ്ണൂർ : സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. കണ്ണൂർ ജില്ലാ സമ്മേളനത്തിന് മാടായി എരിപുരത്ത് ഇന്ന് തുടക്കമാകും. ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള ആദ്യ ജില്ലാ സമ്മേളനമാണ് കണ്ണൂരിലേത്. സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ ഇല്ലാതാക്കാനുള്ള നടപടി ഉൾപ്പെടെ സമ്മേളനത്തിൽ ചർച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടിക്ക് മേലുള്ള അപ്രമാദിത്വം ഒന്ന് കൂടി ഉറപ്പിക്കുന്നതാവും കണ്ണൂർ ജില്ലാ സമ്മേളനം. അതേസമയം മിക്ക ജില്ലകളിലും വിഭാഗീയ പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് സിപിഎം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ വിജയത്തിൻ്റെ പശ്ചാത്തലത്തിലാണ് കണ്ണൂർ ജില്ലാ സമ്മേളനം നടക്കുന്നത്. മൂന്നു ദിവസങ്ങളിലായി മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ ആണ് സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനം നടക്കുക. ഇന്ന് രാവിലെ പൊളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യ മന്ത്രിയുമായ പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇപി ജയരാജൻ, പികെ ശ്രീമതി, എം വി ഗോവിന്ദൻ, കെകെ ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ എന്നിവരും സമ്മേളനത്തിന്‍റെ ഭാഗമാകും.

കഴിഞ്ഞ നാലു വർഷത്തിനിടെ 13 ലോക്കൽ കമ്മിറ്റികളും 562 ബ്രാഞ്ചുകളും ഉൾപ്പടെ 6047 പാർട്ടി അംഗങ്ങൾ വർധിച്ചെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. സംഘടനാ തലത്തിൽ ഏറ്റവും ശക്തിയുള്ള ജില്ലയിലെ സമ്മേളനത്തിന് അതീവപ്രാധാന്യമാണുള്ളത്. കഴിഞ്ഞ സമ്മേളന കാലയളവിലെ എല്ലാ പ്രധാന രാഷ്ട്രീയ കാര്യങ്ങളും സംഘടനാ കാര്യങ്ങളും സമ്മേളനത്തിൽ ചർച്ച ആകും. സിപിഎം നടപടി എടുത്തവരെ പാർട്ടിയിൽ എടുത്തതിൻ്റെ പേരിൽ സിപിഐയ്ക്ക് എതിരെ ജില്ലാ നേതൃത്വം പരസ്യവിമർശനവുമായി രംഗത്തുവന്നിരുന്നു. സിപിഐ നിലപാട് പ്രതിനിധി സമ്മേളനത്തിൻ്റെ പൊതുചർച്ചയിൽ ഉയർന്നു വന്നേക്കാം. ഒപ്പം കണ്ണൂർ ജില്ലയിൽ ഉൾപ്പെടെ പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ ക്രമകേടും അത് ഇല്ലാതാക്കാനുള്ള നടപടിയും ചർച്ച ആയേക്കും. തലശേരി എംഎൽഎ എഎൻ ഷംസീറും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും തമ്മിലുള്ള ഭിന്നതയും വിമർശന രൂപത്തിൽ ചർച്ചയിൽ ഉയർന്നു വന്നേക്കാം. ജില്ലാ സെക്രട്ടറി സ്ഥാനത്ത് എംവി ജയരാജൻ തുടരാനാണ് സാധ്യത. ജില്ലാ കമ്മിറ്റിയിലേക്ക് കൂടുതൽ പുതുമുഖങ്ങൾ വന്നേക്കും.