അമിത് ഷാ ക്രിമിനല്‍ നടപടി ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ എതിർക്കാതെ മുങ്ങി സിപിഎം പ്രതിനിധികള്‍; കെ റെയിലിനായുള്ള സിപിഎം-ബിജെപി ധാരണയുടെ ഭാഗമെന്ന് വിമർശനം

Jaihind Webdesk
Thursday, April 7, 2022

 

ന്യൂഡല്‍ഹി : ക്രിമിനൽ നടപടി ചട്ട ഭേദഗതി ബിൽ അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ എതിർത്ത് വോട്ട് ചെയ്യേണ്ട സിപിഎം പ്രതിനിധികൾ മുങ്ങിയതിനെ ചൊല്ലി വിവാദം. ഭേദഗതികൾ നിർദ്ദേശിച്ച ജോൺ ബ്രിട്ടാസിനെ ചെയർമാൻ ഏഴ് തവണ വിളിച്ചെങ്കിലും ആരും വന്നതുമില്ല. കെ റെയിലിന് അനുമതി നേടിയെടുക്കാൻ ബിജെപിയുമായി സിപിഎം ഒത്തുകളിക്കുന്നുവെന്ന വിമർശനത്തിനാണ് ഇതോടെ ശക്തി പകർന്നിരിക്കുന്നത്.

കോൺഗ്രസിന്‍റെ ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് വിവാദമായ ക്രിമിനൽ നടപടി ചട്ട ഭേദഗതി ബിൽ പാർലമെന്‍റ് പാസാക്കിയത്. എന്നാൽ ബില്ലിനെ ശക്തമായി എതിർത്ത നിരവധി ഭേദഗതികൾ നിർദേശിച്ച സിപിഎം അംഗങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ പാസാക്കാൻ രാജ്യസഭയിൽ എത്തിയപ്പോൾ ഹാജരായില്ല. ജോൺ ബ്രിട്ടാസ് എം.പി മുന്നോട്ടുവെച്ച ഭേദഗതി അവതരിപ്പിക്കാൻ വിളിച്ച രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ് അദ്ദേഹം ഹാജരില്ലെന്ന് പറഞ്ഞ് മാറ്റി വെച്ചു. എളമരം കരീമും സിപിഎം നവാഗത എംപി എ.എ റഹീമും സഭയിലുണ്ടായില്ല. കെ റെയിൽ അനുമതിക്കായുള്ള ബിജെപി-സിപിഎം പരസ്പര ധാരണയുടെ ഭാഗമാണിതെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു.

ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ ബിൽ പാർലമെൻറിന്‍റെ സ്ഥിരം സമിതിക്ക് അയക്കണമെന്ന പ്രതിപക്ഷ പ്രമേയം വോട്ടിനിട്ട് തള്ളിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ രാജ്യസഭ പാസാക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരം കൂടിയായാൽ ബിൽ നിയമമാകും. പൊലീസ് കരുതൽ തടങ്കലിലാക്കുന്നവരോ, ഏഴുവർഷം വരെ തടവ് ശിക്ഷയുള്ള കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായവരോ, ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരോ ആയ ഏതൊരാളുടെയും ഡിഎൻഎ അടക്കം ശരീര, ജൈവ സാമ്പിളുകൾ ശേഖരിക്കാൻ ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ള ഉദ്യോഗസ്ഥന് പോലും അനുമതി നൽകുന്ന ബില്ലിന് ലോക്‌സഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാരെ നിരീക്ഷിക്കാൻ ഉണ്ടാക്കിയ ‘തടവുകാരെ തിരിച്ചറിയൽ നിയമം’ ആണ് ഭേദഗതി ചെയ്ത് കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ‘ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022’ വൻ പ്രതിഷേധത്തിനിടെ പാസാക്കിയത്.