ലോക കേരളസഭയുടെ പേരിലുള്ള പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം; കടുത്ത വിമർശനവുമായി പ്രതിപക്ഷം

Jaihind Webdesk
Friday, June 2, 2023

 

തിരുവനന്തപുരം: അമേരിക്കയില്‍ നടക്കാനിരിക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ സ്പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടക്കുന്ന പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം. സ്പോൺസർഷിപ്പില്‍ തെറ്റില്ലെന്ന വാദവുമായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ ബാലന്‍ രംഗത്തെത്തി. അതേസമയം ലോക കേരളസഭയുടെ പേരിലുള്ള അനധികൃത പണപ്പിരിവിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനം ഉയർത്തി.

വിവാദങ്ങളും വിമർശനങ്ങളും ഉയരുമ്പോൾ ലോകകേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിലെ സ്പോൺസർഷിപ്പ് പണപ്പിരിവിനെ പൂർണമായും ന്യായീകരിച്ചു കൊണ്ടാണ്സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ ബാലന്‍ രംഗത്തെത്തിയത്. നോർക്കയ്ക്കു പിന്നാലെ സിപിഎമ്മും പണപ്പിരിവിനെ പൂർണമായും പിന്തുണയ്ക്കുന്നു എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയും പണപ്പിരിവിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. പണപ്പിരിവ് കേരളത്തിന് ആകെ നാണക്കേടാണെന്നും പണത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവാസികളെ തരംതിരിക്കുകയാണെന്നും സംഭവം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ലോക കേരളസഭ ധൂർത്തിന്‍റെ പര്യായമാണെന്നും മുഖ്യമന്ത്രി കൂടി അറിഞ്ഞാണോ പണപ്പിരിവ് എന്നത് വ്യക്തമാക്കണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയും പ്രതികരിച്ചു.

അമേരിക്കയിലെ സ്പോൺസർഷിപ്പ് പണപ്പിരിവിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കടുത്ത ഭാഷയില്‍ വിമർശനമുയർത്തി. ലോക കേരള സഭയിലെ സ്പോൺസർഷിപ്പ് സിപിഎം കാലങ്ങളായി നടത്തിവരുന്ന ബക്കറ്റ് പിരിവിന്‍റെ പരിഷ്കൃത രൂപമാണെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ലോക കേരള സഭ വരേണ്യ വർഗത്തിന് വേണ്ടിയുള്ള ധൂർത്താണെന്നും സാധാരണ ജനങ്ങൾക്കോ പ്രവാസികൾക്കോ ഇതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ നടപടിയാണിതെന്നും മുഖ്യമന്ത്രി ഇതിൽ നിന്ന് പിന്മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.