സിപിഎം ബോധപൂർവ്വം വ്യാജവോട്ടർമാരെ തിരുകിക്കയറ്റി ; ഇടത് അനുകൂല സർവ്വീസ് സംഘടനകള്‍ ഒത്തുകളിക്കുന്നു : രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, April 1, 2021

 

ആലപ്പുഴ : കേരളത്തില്‍ മുന്‍പ് ഒരിക്കലും ഉണ്ടാകാത്ത തെരഞ്ഞെടുപ്പ് അട്ടിമറിക്കാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ഏകാധിപതികളുടെ ശൈലിയാണ്. എല്ലാ ഏകാധിപതികളും അധികാരം പിടിച്ചെടുക്കുന്നത് ഇത്തരം വ്യാജപ്രതിഛായ നിര്‍മ്മിതിയിലൂടെയും ജനാധിപത്യത്തെ അട്ടിമറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ നിയോജകമണ്ഡലത്തിലും പതിനായിരത്തിലേറെ വരെ വ്യാജവോട്ടര്‍മാരെയാണ് കുത്തിനിറച്ചിരിക്കുന്നത്. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നടന്ന വ്യക്തമായ ഗൂഡാലോചന ഈ അട്ടിമറിക്ക് പിന്നിലുണ്ട്. ഇടതുപക്ഷക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി.പി.എം. നടത്തിയ അട്ടിമറിയാണിത്. ഒരേ ശൈലിയിലാണ് സംസ്ഥാനത്തുടനീളം ഈ കൃത്രിമം നടന്നിരിക്കുന്നത്.

യഥാര്‍ത്ഥ വോട്ടര്‍ അറിഞ്ഞോ അറിയാതെയോ അയാളുടെ ഫോട്ടോ ഉപയോഗിച്ച് പല പേരുകളില്‍ ഒരേ ബൂത്തിലും വിവിധ ബൂത്തുകളിലും വിവിധ മണ്ഡലങ്ങളിലും വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് പറഞ്ഞു