സമൂഹ അടുക്കള നടത്തിപ്പ് : സിപിഎം, സിപിഐ തർക്കം കയ്യാങ്കളിയിലെത്തി

Jaihind News Bureau
Saturday, April 11, 2020

എൽഡിഎഫ് ഭരിക്കുന്ന ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഇടയത്തു പ്രവൃത്തിക്കുന്ന സമൂഹ അടുക്കള നടത്തിപ്പുമായി ബന്ധപ്പെട്ടു സിപിഎം, സിപിഐ തർക്കം കയ്യാങ്കളിയിലെത്തി. കഴിഞ്ഞ ദിവസം ഉണ്ടായ തർക്കം പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്. എന്നാൽ തർക്കം ഭക്ഷണ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സിപിഎം പ്രതിനിധികളുടെ വാർഡുകളിലേക്ക് കൂടുതൽ ഭക്ഷണപ്പൊതികൾ കൊണ്ടു പോകുന്നതായി ആക്ഷേപം ഉയർന്നിരുന്നു. അപ്രതീക്ഷിതമായി കൂടുതൽ പൊതികൾ ആവശ്യപ്പെടുന്നത് സിപിഐ പ്രതിനിധികളിലും അതൃപ്തി ഉണ്ടാക്കി. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇരുവിഭാഗവും തമ്മിൽ തർക്കം ഉണ്ടായിയുന്നു. ഇതിന്‍റെ തുടർച്ചയാണ് കയ്യാങ്കളിയിലെത്തിയതെന്നാണ് സൂചന.

സമൂഹ അടുക്കള അറയ്ക്കൽ വില്ലേജിൽ അനുവദിച്ചപ്പോൾ തുടങ്ങുന്ന സ്ഥലത്തെ സംബന്ധിച്ചും തർക്കം ഉണ്ടായിരുന്നു. സിപിഎമ്മിലെ ഒരു വിഭാഗത്തിന് തടിക്കാട് കേന്ദ്രീകരിച്ചും സിപിഐയ്ക്കു ഇടയം കേന്ദ്രീകരിച്ചും വേണമെന്നായിരുന്നു ആവശ്യം. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ സിപിഎം പ്രതിനിധിയാണു പ്രസിഡന്റെങ്കിലും ഇടയം കേന്ദ്രീകരിച്ചു തുടങ്ങാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. സമൂഹ അടുക്കള നടത്തിപ്പിൽ സിപിഐയ്ക്കു പ്രാതിനിധ്യം കൂടുതലുള്ളതായും സിപിഎമ്മിലെ ഒരു വിഭാഗത്തിന് അന്ന് മുതല്‍ തന്നെ പരാതി ഉണ്ടായിരുന്നു. ഈ തർക്കങ്ങളുടെ തുടർച്ചയാണെന്നാണു ഇപ്പോഴുണ്ടായ ഉണ്ടായ കയ്യാങ്കളിയെന്നാണ് ആക്ഷേപം.