കോൺ​ഗ്രസ് കൗൺസിലറെ ചവിട്ടാൻ കാലോങ്ങി സിപിഎം കൗൺസിലർ; സംഭവം നവകേരള സദസിനെ സംബന്ധിച്ച ചർച്ചയ്ക്കിടെ

Wednesday, December 13, 2023

ആലപ്പുഴ: ചർച്ചക്കിടെ കോൺ​ഗ്രസ് കൗൺസിലറെ ചവിട്ടാൻ കാലോങ്ങി സിപിഎം കൗൺസിലർ. നവകേരള സദസ് നടക്കുന്ന സ്കൂളിന്‍റെ മതിൽ പൊളിച്ചതിനെ സംബന്ധിച്ച  ചർച്ചയ്ക്കിടെയായിരുന്നു സംഭവം. സിപിഎം അംഗം തോമസ് മാത്യുവാണ് അപമര്യാദയായി പെരുമാറിയത്. മാവേലിക്കര ന​ഗരസഭാ അടിയന്തര കൗൺസിലിനിടെയാണ് സംഭവം.

ചെയര്‍മാന്‍റെ ഡയസിന് മുകളില്‍ കയറിയ തോമസ് മാത്യു കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിനു വര്‍ഗീസിന് നേരെയാണ് ചവിട്ടാന്‍ കാലോങ്ങിയത്. ഇരുപക്ഷത്തേയും സ്ത്രീകള്‍ അടക്കം നില്‍ക്കവേയാണ് മുണ്ടുടുത്ത തോമസ് മാത്യുവിന്‍റെ അപമര്യാദയോടെയുള്ള പ്രവൃത്തി. അവിടെ വെച്ച് മുണ്ട് മടക്കിക്കുത്താന്‍ ശ്രമിക്കുകയും ചെയ്തു. മറ്റംഗങ്ങള്‍ ചേര്‍ന്ന് തോമസ് മാത്യുവിനെ പിടിച്ചു മാറ്റുകയായിരുന്നു.

നവകേരള ബസിന് കടക്കാനായാണ് മാവേലിക്കര ഹൈസ്കൂളിന്‍റെ മതില്‍ തകര്‍ത്തത് എന്നായിരുന്നു പരാതി. ഇന്നലെ പുലര്‍ച്ചെ നടന്ന സംഭവത്തിന് പിന്നാലെ യുഡ‍ിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയ യു‍ഡിഎഫ് പ്രവര്‍ത്തകര്‍ മതിലിന്‍റെ സ്ഥാനത്ത് മനുഷ്യമതില്‍ തീര്‍ത്തു. മതില്‍ തകര്‍ത്തത് അരുണ്‍ കുമാര്‍ എം.എല്‍എയുടെ നേതൃത്വത്തിലുള്ള ഗുണ്ടകളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.