കണ്ണൂര്‍ കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. സംഭവത്തില്‍ സിപിഎം കൗണ്‍സിലര്‍ പിപി രാജേഷാണ് അറസ്റ്റിലായത്. വയോധികയുടെ ഒന്നരപവന്‍ മാലയാണ് പ്രതി മോഷ്ടിച്ചത്.
കൂത്തുപറമ്പില്‍ വീട്ടില്‍ ഒറ്റക്കായിരുന്ന 77 വയസ്സുള്ള ജാനകി എന്ന വയോധികയുടെ മാല കവര്‍ന്ന സംഭവത്തില്‍ നാലാം വാര്‍ഡ് കൗണ്‍സിലര്‍ പി.പി. രാജേഷാണ് പിടിയിലായത്. അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ജാനകിയുടെ വീട്ടിലേക്ക് മുന്‍വാതില്‍ തുറന്നുകിടന്ന തക്കം നോക്കി ഹെല്‍മെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് പെട്ടെന്ന് കയറി മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് മോഷ്ടാവിനെ തിരിച്ചറിയാനായില്ല. തുടര്‍ന്ന്, ജാനകി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും പ്രതിയായ കൗണ്‍സിലര്‍ പി.പി. രാജേഷിലേക്ക് എത്തുകയും ചെയ്തത്. രണ്ടു ദിവസത്തെ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയതെന്നും, ഇയാള്‍ കുറ്റം സമ്മതിച്ചതായും കൂത്തുപറമ്പ് പോലീസ് അറിയിച്ചു.