ഷാഫി പറമ്പില്‍ എംപിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രപൊലീസ് ഉദ്യോഗസ്ഥരെയും പ്രതികളെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. സമാധാനപരമായി പ്രതിഷേധ ജാഥ നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞുവെന്ന കള്ളക്കേസ് ഉണ്ടാക്കിയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന് ഷാഫി പറമ്പിലിനോടുള്ള വിരോധമാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍. കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റുകളില്‍ ഏറ്റവും ശക്തമായ വിജയം സിപിഎം പ്രതീക്ഷിച്ച സ്ഥാനാര്‍ത്ഥിയെയാണ് ഷാഫി പറമ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. എംപി എന്ന നിലയില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഷാഫി പറമ്പില്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടലുകളും രാഷ്ട്രീയ നിലപാടുകളും സിപിഎമ്മിന് തലവേദന സൃഷ്ടിക്കുന്നു. ഷാഫി പറമ്പില്‍ അതിശക്തനായ നേതാവാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് സിപിഎം അദ്ദേഹത്തെ കായികമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇതിനെ കോണ്‍ഗ്രസ് ശക്തമായി നേരിടും. ജനങ്ങളുടെ ശക്തമായ പ്രതിഷേധം കേരളത്തിലെ സര്‍ക്കാരിന് അവഗണിക്കാനാവില്ലെന്നും, ഷാഫി പറമ്പിലിന് ഒരു പോറല്‍ ഏല്‍പ്പിക്കാന്‍ പോലും സിപിഎമ്മിന് കഴിയില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
ഇ.പി. ജയരാജന്റെ പേരാമ്പ്രയിലെ പ്രസംഗത്തെ അര്‍ഹിക്കുന്ന അവഗണനയോടെ കോണ്‍ഗ്രസ് തള്ളിക്കളയുകയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇ പി ജയരാജന്‍ ഇന്ന് സിപിഎമ്മിന്റെ ഒരു പ്രസംഗ തൊഴിലാളി മാത്രമാണ്. അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ എന്തുകൊണ്ടാണ് സിപിഎം നിര്‍ബന്ധിതമായതെന്ന് ചിന്തിക്കണം. അദ്ദേഹം ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെക്കാള്‍ ജൂനിയറായ ഒരാളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമാക്കി വച്ചതിനെതിരെ അദ്ദേഹം കുറച്ചുനാള്‍ പ്രതിഷേധവുമായി നടന്നു. അതിനൊരു പരിഹാരവും ഉണ്ടായില്ല. അദ്ദേഹത്തിന്റെ ജല്‍പ്പങ്ങളെയും വെല്ലുവിളികളെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യസന്ധമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവാണ് ജി. സുധാകരനെന്നും, അദ്ദേഹം മന്ത്രിയായിരുന്നപ്പോഴും നല്ലൊരു വ്യക്തിയായിരുന്നുവെന്നും സണ്ണി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിനെതിരെ പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ ശരിയല്ലെന്നും കോണ്‍ഗ്രസ് ഇത് വീക്ഷിക്കുന്നുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
മകനെതിരായ ആരോപണത്തില്‍ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് സണ്ണി ജോസഫ് എംഎല്‍എ കുറ്റപ്പെടുത്തി. മകളുടെ വിഷയം വന്നപ്പോഴും നിയമസഭയില്‍ മുഖ്യമന്ത്രി ഇതേ നിലപാടാണ് സ്വീകരിച്ചത്. മകന് സമന്‍സ് ലഭിച്ചത് സിപിഎം-ബിജെപി ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും, മകന് സമന്‍സ് വന്നോ ഇല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.