കര്‍ണാടകയില്‍ സംപൂജ്യരായി സിപിഎം; മത്സരിച്ച നാലിടങ്ങളിലും പൊട്ടി

Jaihind Webdesk
Saturday, May 13, 2023

ബംഗളുരു: കര്‍ണാടകയില്‍ സംപൂജ്യരായി സിപിഎം. മത്സരിച്ച സീറ്റുകളില്‍ കെട്ടിവെച്ച കാശുപോലും തിരിച്ചു കിട്ടാതെ നാണം കെട്ട് സിപിഎം സ്ഥാനാര്‍ത്ഥികള്‍. പാര്‍ട്ടി വന്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയ ബാഗേപ്പള്ളിയില്‍ പോലും സ്ഥാനാര്‍ത്ഥി നിലംതൊട്ടില്ല. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന സിപിഎമ്മിന് ഇത്തവണ ജെഡിഎസിന്റെ പിന്തുണ ലഭ്യമായതോടെ വന്‍ വിജയ പ്രതീക്ഷയായിരുന്നു. മത്സരിച്ച നാലിടങ്ങളിലും സിപിഎം ദയനീയമായി പരാജയപ്പെട്ടത്.

ബാഗേപ്പള്ളി, കെആര്‍ പുരം, കെജിഎഫ്, ഗുല്‍ബര്‍ഗ റൂറല്‍ എന്നിവിടങ്ങളിലാണ് സിപിഎം ഇത്തവണ മത്സരിച്ചത്.
ഡോ. അനില്‍ കുമാറിനെയാണ് മണ്ഡലം തിരികെ പിടിക്കാന്‍ ബാഗേപ്പള്ളിയില്‍ സിപിഎം രംഗത്തിറക്കിയിരുന്നത്. 19621 വോട്ടാണ് ആകെ ബാഗേപ്പള്ളിയില്‍ നേടാനായത്. 11 ശതമാനം വോട്ടാണ് ആകെ ഈ മണ്ഡലത്തില്‍ സിപിഎമ്മിന് ലഭ്യമായത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.എന്‍ സുബ്ബഖറെഡ്ഡി 19,179 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിച്ചു.
ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. കേരളത്തില്‍ എല്‍ഡിഎഫ് ഘടകകക്ഷിയായ ജെഡിഎസിന്റെ പിന്തുണയോടെയായിരുന്നു ബാഗേപ്പള്ളിയില്‍ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പോരാട്ടം. എന്നാല്‍ അതും ഗുണം ചെയ്തില്ല.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത റാലിയോടെയായിരുന്നു ബാഗേപള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സിപിഎം തുടക്കം കുറിച്ചത്.

കെആര്‍ പുരം മണ്ഡലത്തില്‍ നിന്ന് വെറും 1220 വോട്ടുകള്‍ മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. വോട്ട് ശതമാനത്തിന്റെ 0.45 ശതമാനമാണിത്. കെജിഎഫ് എന്നറിയപ്പെടുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് മണ്ഡലത്തില്‍ സിപിഐയും സിപിഎമ്മും നേര്‍ക്കുനേര്‍ മത്സരിച്ചപ്പോള്‍ അഞ്ചും ആറും സ്ഥാനത്താണ് ഇരു പാര്‍ട്ടികളും. സിപിഐ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 918 ഉം സിപിഎം സ്ഥാനാര്‍ത്ഥിക്ക് 1008 വോട്ടുമാണ് കിട്ടിയത്. 0.51 ശതമാനം വോട്ടു മാത്രമാണ് ഗുല്‍ബര്‍ഗ റൂറല്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി തങ്കരാജിന് ലഭിച്ചത്.