സിപിഎം-ബിജെപി രഹസ്യ ഡീല്‍ ; അദാനിയും മുഖ്യമന്ത്രിയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച

Jaihind Webdesk
Thursday, April 1, 2021

 

മുഖ്യമന്ത്രി പിണറായി വിജയനും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടത്തി. തെരഞ്ഞടുപ്പിന് മുന്നോടിയായി സി.പി.എം – ബി.ജെ.പി ഡീൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് കൂടിക്കാഴ്ച. കണ്ണൂരിലാണ് ഇരുവരും തമ്മിൽ രഹസ്യമായി ചർച്ച നടത്തിയത്.

അദാനിയും കുടുംബവും ഇന്നലെ രാവിലെയാണ് കണ്ണൂരിൽ പ്രത്യേക വിമാനത്താവളത്തിൽ എത്തിയത്. കർണാവതി എയർലൈൻസിൻ്റെ പ്രത്യേക വിമാനത്തിലാണ് എത്തിയത്. ഇതിനുശേഷം രാവിലെ തന്നെ അദാനിയും കുടുംബവും പ്രത്യേക വാഹനത്തിൽ പയ്യന്നൂരിലേക്ക് പോയി. അദാനിയുടെ കുടുംബം പയ്യന്നൂരിലെ ജ്യോത്സ്യനുമായി കൂടിക്കാഴ്ച നടത്തി.

രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന. രാത്രിയോടെയാണ് ഗൗതം അദാനി തിരിച്ചുപോയത്. അതീവ രഹസ്യമായി ഗൗതം അദാനി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. മുഖ്യമന്ത്രി ഇന്നലെ അഞ്ചരക്കണ്ടി, ചെമ്പിലോട്, ഭാഗങ്ങളിൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയിരുന്നു. ഇതിന് ശേഷമാണ് കൂടിക്കാഴ്ച നടന്നതെന്നാണ് സൂചന. അമിത് ഷാ – പിണറായി ചർച്ചയുടെ മധ്യസ്ഥനാണ് അദാനി. അദ്ദേഹത്തിന് കേരളത്തിൽ നിരവധി ബിസിനസ് താല്പര്യങ്ങൾ ഉണ്ട്. ബിജെപി- സിപിഎം ഡീൽ സംബന്ധിച്ച ചർച്ചകളിലും അദാനിയുടെ പേര് ഉയർന്ന് വന്നിരുന്നു.