കണ്ണൂരില്‍ മരണവീട്ടില്‍ സിപിഎം-ബിജെപി കൂട്ടയടി: മരിച്ച യുവാവിനെ അനുഭാവിയാക്കാന്‍ മത്സരം; മൃതദേഹം സംസ്കരിച്ചത് പോലീസ് കാവലില്‍

Jaihind Webdesk
Monday, March 13, 2023

കണ്ണൂർ: ഇരിട്ടി കുയിലൂരിൽ യുവാവിന്‍റെ ശവസംസ്ക്കാര ചടങ്ങിനിടെ സിപിഎം-ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും മത്സരിച്ചപ്പോൾ മരണവീട്ടിൽ നടന്നത് കൂട്ടയടി. പിടിവലിക്കിടയിൽ മൃതദേഹം ഒരു വിഭാഗം അധീനതയിലാക്കി. ഇതോടെ പോലീസ് കാവലിലാണ് മൃതദേഹം ദഹിപ്പിച്ചത്.

ഞായറാഴ്ചയാണ് കുയിലൂരിലെ ചന്ത്രോത്ത് വീട്ടിൽ എൻ.വി പ്രജിത്ത് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തിരുവനന്തപുരത്തുള്ള സഹോദരന്‍റെ വരവിനായി രാത്രി 7 മണി വരെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചു. സഹോദരൻ അന്തിമോപചാരം അർപ്പിച്ച് മൃതദേഹം ദഹിപ്പിക്കാൻ എടുക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്.

ബിജെപി-സിപിഎം പ്രവർത്തകർ മൃതദേഹം ചിതയിലേക്ക് കൊണ്ടുപോകാനായി തമ്മിൽ തല്ലുകയായിരുന്നു. നേരത്തെ സിപിഎം പ്രവർത്തകനായ പ്രജിത്ത് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. മൃതദേഹം വീട്ടിൽ നിന്നും ചിതയിലേക്ക് എടുക്കുമ്പോൾ ശാന്തിമന്ത്രം ചൊല്ലാൻ പ്രജിത്തിന്‍റെ സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും കൈയിൽ പൂക്കൾ കരുതിയിരുന്നു. ഇവർ ശാന്തിമന്ത്രം ചൊല്ലുന്നതിനിടയിൽ സിപിഎം പ്രവർത്തകർ മൃതദേഹം സംസ്ക്കരിക്കാൻ എടുത്തതോടെ പിടിവലിയായി.

പിന്നാലെ പോർവിളിയുമായി മറു വിഭാഗവും എത്തി. ചിതയിൽ കിടത്തിയ മൃതദേഹത്തിന് ചുറ്റും ദഹിപ്പിക്കാൻ എത്തിച്ച വിറകുമായി പോർവിളിയും ഉന്തും തള്ളമായി. ഇതിനിടയിൽ ചിലർക്ക് മർദ്ദനവുമേറ്റു. പരസ്പരം പോർവിളി തുടർന്നതോടെ സ്ഥലത്ത് പോലീസെത്തി ഇരുവിഭാഗങ്ങളെയും അവിടെ നിന്ന് മാറ്റി. തുടർന്ന് പോലീസിന്‍റെ സാന്നിധ്യത്തിൽ തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.