സിപിഎം-ബിജെപി ബാന്ധവം ശക്തം; ഇ.പിക്കെതിരായ സാമ്പത്തിക ആരോപണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ എവിടെപ്പോയെന്ന് പ്രതിപക്ഷ നേതാവ്

 

കോഴിക്കോട്: ബിജെപിക്കെതിരെ പൊതുവേദിയില്‍ മാത്രം സംസാരിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രഹസ്യമായി ബിജെപിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ബാന്ധവമുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനെതിരെയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു. ഇതിന് പകരമായി കൊടകര കുഴല്‍പ്പണ കേസ് ബിജെപി നേതാക്കള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാരും അവസാനിപ്പിച്ചു. ഇരു കൂട്ടരും കേസുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് ബാന്ധവത്തില്‍ ഏര്‍പ്പെടുകയാണ്. ഇതിന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. പകല്‍ സംഘപരിവാര്‍-സിപിഎം വിരോധം പറയുകയും രാത്രിയില്‍ സന്ധി ചെയ്യുന്നവരുമാണ് കേരളത്തിലെ ബിജെപി-സിപിഎം നേതാക്കളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപി ആഗ്രഹിക്കുന്നത്. എല്‍ഡിഎഫ് ദുര്‍ബലമായാല്‍ അതിന്‍റെ ഗുണം യുഡിഎഫിന് ലഭിക്കുകയും കേരളത്തില്‍ ബിജെപി അപ്രസക്തമാകുകയും ചെയ്യും. അതുകൊണ്ടാണ് തെളിവുകളുണ്ടായിട്ടും സിപിഎം നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങും എത്താതെ പോയത്. ആനാവൂര്‍ നാഗപ്പനും വി.വി രാജേഷും ഒന്നിച്ചാണ് വിഴിഞ്ഞത്തെ പാവങ്ങള്‍ക്കെതിരെ സമരം ചെയ്തത്. അദാനിക്ക് വേണ്ടിയാണ് സിപിഎമ്മും ബിജെപിയും തിരുവനന്തപുരത്ത് ഒന്നിച്ചത്. ആര്‍എസ്എസ് ആചാര്യനെന്ന് അറിയപ്പെടുന്ന ഗോള്‍വാള്‍ക്കര്‍ ‘ബെഞ്ച് ഓഫ് തോട്ട്‌സ്’ എന്ന പുസ്തകത്തില്‍ ഭരണഘടനയ്ക്ക് എതിരെ പറഞ്ഞിരിക്കുന്ന അതേ കാര്യങ്ങള്‍ പറഞ്ഞതിന്‍റെ പേരിലാണ് സജി ചെറിയാന് മന്ത്രി സ്ഥാനത്ത് നിന്നും പുറത്ത് പോകേണ്ടി വന്നത്. ഗോള്‍വാള്‍ക്കറുടെ ബെഞ്ച് ഓഫ് തോട്ട്‌സും സജി ചെറിയാന്‍റെ പ്രസംഗവും താതമ്യപ്പെടുത്തിയതിന് പ്രതിപക്ഷ നേതാവിനെതിരെ ആര്‍എസ്എസ് കേസ് കൊടുത്തിരിക്കുകയാണ്. എന്നിട്ടാണ് അതേ സജി ചെറിയാനെ മന്ത്രി സഭയിലേക്ക് കൊണ്ടുവരുന്നത്. എതിരാളികളെ ഇല്ലായ്മ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന ആര്‍എസ്എസും സിപിഎമ്മും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്.

സംഘാടകരാണ് ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത്. അത് അവരുടെ അവകാശമാണ്. കോണ്‍ഗ്രസ് നേതാവിനെ കുറിച്ച് ആര് നല്ല അഭിപ്രായം പറഞ്ഞാലും അതിനെ സ്വാഗതം ചെയ്യും. ഇ.പി ജയരാജന്‍ കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും സിപിഎമ്മിലാണ് ആരോപണം ഉയര്‍ന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികള്‍ എവിടെപ്പോയെന്ന് വി.ഡി സതീശന്‍ ചോദിച്ചു.  സിപിഎം നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ഒരു അന്വേഷണവും നടത്തില്ല. ഇ.പി ജയരാജനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Comments (0)
Add Comment