കോൺഗ്രസ് വിരോധം പറഞ്ഞ് വർഗീയ കക്ഷികളുമായി ചങ്ങാത്തം സ്ഥാപിച്ച പാരമ്പര്യമാണ് ഇടത് കക്ഷികളുടേത്. ഇക്കാര്യത്തിൽ സി പി ഐ യും സി പി എമ്മും ഒരേ തൂവൽ പക്ഷികളാണ്. അധികാരം പങ്കിടുന്നതിന്റെ ഭാഗമായി ബിജെപിയുടെ മുൻഗാമിയായ ജനസംഘവുമായി ചേർന്ന് സി പി ഐ യും സി പി എമ്മും ഒത്തുചേർന്ന ചരിത്രം ഇവർക്കുണ്ട്.
അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്നൊഴിവാക്കാൻ മാത്രമാണ് അന്ന് ജനസംഘത്തെ പിന്തുണച്ചതെന്ന് പറഞ്ഞ് തടി തപ്പാൻ ശ്രമിക്കുന്ന സി പി എം ചരിത്രത്തെ പാഴ് മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കയാണ്.
1967ൽ പൊതു തെരഞ്ഞെടുപ്പിനൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നു. പഞ്ചാബിലും ഉത്തർപ്രദേശിലും മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിന് കേവല ഭുരിപക്ഷം ലഭിച്ചില്ല. പഞ്ചാബ് കോൺഗ്രസിൽ നിന്ന് കാലുമാറി അകാലി ദളിൽ ചേർന്ന ഡോ. ഗുർണാം സിംഗിന്‍റെ നേതൃത്വത്തിൽ ഏഴ് പാർട്ടികളും കുറെ സ്വതന്ത്രരും ചേർന്ന് മന്ത്രിസഭയ്ക്ക് രൂപം കൊടുത്തു. അകാലിദളിന് പുറമേ ജനസംഘം, സി പി ഐ, സി പി എം, റിപ്പബ്ലിക്കൻ പാർടി, സംയുക്ത സോഷ്യലിസ്റ്റ് പാർടി തുടങ്ങിയ പാർട്ടികളായിരുന്നു ഈ തട്ടിക്കൂട്ട് മുന്നണിയിലുണ്ടായിരുന്നത്. 104 അംഗ നിയമസഭയിൽ ഇവർക്ക് 56 പേരുടെ പിന്തുണ ഉണ്ടായിരുന്നു. നിയമസഭയിൽ സി പി ഐയ്ക്ക് അഞ്ചും സി പി എമ്മിന് മൂന്നും ജനസംഘത്തിന് ഒമ്പതും അംഗങ്ങൾ ഉണ്ടായിരുന്നു.
സി പി ഐ യുടെ പ്രതിനിധിയായി സത്യപാൽ ഡാംഗും ജനസംഘം നേതാവ് ബൽദേവ് പ്രകാശും ഗുർണാം സിംഗ് മന്ത്രി സഭയിൽ ചേർന്നു. സി പി എം പുറത്തു നിന്ന് പിന്തുണച്ചു. തീവ്ര ഹിന്ദുത്വ വർഗീയത പ്രചരിപ്പിച്ചിരുന്ന ജനസംഘവുമായി ചേർന്ന് അധികാരം പങ്കിടാൻ ഇടതു കക്ഷികൾക്ക് യാതൊരു മടിയുമില്ലാ എന്നതിന്‍റെ തെളിവാണി ചരിത്രം. അകാലിദളും ജനസംഘവും ഇടതുകക്ഷികളും ചേർന്ന ഐക്യ മുന്നണിയുടെ കൺവീനർ പഞ്ചാബിലെ സി പി എം നേതാവായിരുന്ന ഹർകിഷൻ സിംഗ് സുർജിത്തായിരുന്നു. സുർജിത് പിന്നിട് സി പി എമ്മിന്‍റെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
ജനസംഘവുമായി ചേർന്ന് മന്ത്രിസഭ ഉണ്ടാക്കിയ കാര്യം ഇ എം എസ് നമ്പൂതിരിപ്പാട് “ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിറ്റിന്റെ ഓർമ്മക്കുറിപ്പുകൾ ” എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
“ജന സംഘം, അകാലി ദൾ, സ്വതന്ത്രാപാർടി എന്നിവരുമായി ഐക്യമുന്നണി യുണ്ടാക്കാൻ സിപിഐയ്ക്ക് മടിയൊന്നുമുണ്ടായില്ല. പഞ്ചാബിലും യുപിയിലും ബീഹാറിലും വിരലിലെണ്ണാവുന്ന ത്ര എം എൽ എ മാരുണ്ടായിരുന്ന അവർ മന്ത്രി സഭകളിൽ പങ്കാളികളായി. പഞ്ചാബിലെ അകാലി ദൾ മന്ത്രിസഭയിലും മുൻ കോൺഗ്രസുകാരൻ നയിച്ച യുപി മന്ത്രി സഭയിലും ജനസംഘത്തോടൊപ്പമാണ് അവർ പങ്കാളികളായത് ” – (അധ്യായം 28/ പേജ് 216)
ജനസംഘം പിന്തുണച്ച മന്ത്രിസഭകളെ പുറത്തു നിന്ന് സി പി എം പിന്തുണച്ചിരുന്ന കാര്യം ഇ എം എസ് വളരെ ബോധപൂർവ്വം ഈ പുസ്തകത്തിൽ മറച്ചു പിടിച്ചിരി ക്കയാണ്. അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ പേര് പറഞ്ഞ് ജനസംഘമായും ബിജെപിയുമായും തരാതരം പോലെ സഖ്യവും അധികാരവും പങ്കിട്ട പാരമ്പര്യമാണ് ഇടതു പക്ഷ കക്ഷികളുടേത്.
ജനസംഘവുമായി അധികാരം പങ്കിട്ടവരാണ് കോൺഗ്രസിനുമേൽ ബി ജെ പി ബന്ധം ആരോപിക്കുന്നത്. ഇടത് കക്ഷികളുടെ ഇരട്ടത്താപ്പിന്‍റെ ഉത്തമ ഉദാഹരണങ്ങളാണി വർഗീയ സഖ്യങ്ങളുമായുള്ള ചങ്ങാത്തങ്ങൾ
1967ൽ ഉത്തർ പ്രദേശിൽ ചരൺ സിംഗിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംയുക്ത വിധായക് ദൾ മന്ത്രിസഭയിലും ജനസംഘവും സി പി ഐ യും ചേർന്നിരുന്നു. പുറത്ത്നിന്ന് സി പി എം പിന്തുണയും നല്കി .
കോൺഗ്രസ് വിരോധത്തിന്‍റെ പേരിൽ വർഗീയ കക്ഷികളുമായി ചേരാൻ മടിയില്ലാത്ത സി പി ഐ യും സി പി എമ്മും ഈ പൊതു തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോഡി യെ പിന്തുണക്കില്ലെന്ന് എങ്ങനെ പറയാൻ കഴിയും ? ഇവരുടെ പാരമ്പര്യവും ചരിത്രവും അതാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്.
1970 ൽ കൂത്തുപറമ്പ് അസംബ്ളി മണ്ഡലത്തിൽ ജയിക്കാൻ പിണറായി വിജയൻ ബി ജെ പി ( ജനസംഘം) യുടെ പിന്തുണ നേടിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്.ഇതിന് പ്രത്യൂ പ കാരമായി കാസർകോട് ജനസംഘം നേതാവ് കെ ജി മാരാരെ സി പി എം പിന്തുണയ്ക്കുകയും ചെയ്തു.
അതേ – സി പി എമ്മും ബി ജെ പിയും എന്നും എപ്പോഴും ഭായി – ഭായി