പശ്ചിമ ബംഗാളിൽ സിപിഎം ബിജെപി സഖ്യം; ഏററു പറഞ്ഞ് ബംഗാൾ സിപിഎം സെക്രട്ടറി മുഹമ്മദ് സലീം

Jaihind Webdesk
Saturday, December 10, 2022

പശ്ചിമ ബംഗാളിൽ സിപിഎം ബിജെപി സഖ്യമുണ്ടായിരുന്നുവെന്ന് ബംഗാൾ സി പി എം സെക്രട്ടറി മുഹമ്മദ് സലീമിൻ്റെ ഏ ററു പറച്ചിൽ. കേരള കേന്ദ്ര നേതൃത്വങ്ങൾ ഇത്തരമൊരു സഖ്യമില്ലെന്ന് വരുത്താൻ നടത്തിയ കൊണ്ടുപിടിച്ചുള്ള ശ്രമങ്ങൾക്കിടെയാണ് പാർട്ടിയെ ഒന്നാകെ പ്രതിരോധത്തിലാക്കിയുള്ള ബംഗാൾ ഘടകം സെക്രെട്ടറിയുടെ വെളിപ്പെടുത്തൽ.ബംഗാളിലെ മിഡ്നാപുരിൽ സഹകരണ സ്ഥാപനത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം  ബിജെപിയുമായി സഖ്യം ഉണ്ടാക്കിയത് വലിയ വിവാദമായിരുന്നു.

63 സീറ്റുകളിൽ 52 ലും സിപിഎമ്മും ബിജെപിയും ചേർന്നു രൂപീകരിച്ച ബംഗാൾ കോ ഓപ്പറേറ്റിവ് ബച്ചാവോ സമിതി എതിരില്ലാതെ വിജയിച്ചു. 2023 ൽ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സിപിഎം – ബിജെപി കൂട്ടുകെട്ടാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ സഖ്യം ഇല്ല എന്നായിരുന്നു സിപിഎം കേരള – കേന്ദ്ര ഘടകങ്ങളുടെ നിലപാട്. എന്നാൽ ഈ വാദം തെറ്റെന്നു തെളിയിക്കുകയാണ് ബംഗാൾ സിപിഎം സെക്രട്ടറി മുഹമ്മദ്‌ സലീമിന്‍റെ തുറന്ന് പറച്ചിൽ. അധികാരം ലഭിക്കാൻ ഏത് വർഗീയ ശക്തികളുമായും കൂട്ട് കൂടാൻ സിപിഎം തയ്യാറാകുന്നു എന്നതിന്റെ ഉദാഹരണമാണ് ബംഗാളിലെ ബിജെപി സിപിഎം സഖ്യം എന്ന് കോൺഗ്രസ്‌ ചൂണ്ടിക്കട്ടിയിരുന്നു. എന്നാൽ ബംഗാളിൽ സിപിഎം ബിജെപിയുമായി കൂട്ടുകൂടിയിട്ടില്ല എന്നും അത്തരമൊരു സഖ്യം ഉണ്ടാകില്ല എന്നുമായിരുന്നു സിപിഎം കേരള ഘടകത്തിന്റെയും കേന്ദ്ര നേതൃത്വത്തിന്റെയും വിശദീകരണം. ബിജെപിക്കെതിരെ ശക്തമായി നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഎം എന് പറഞ്ഞായിരുന്നു അന്ന് പ്രധാനമായും സിപിഎം നേതാക്കൾ പ്രതിരോധം തീർത്തത്. എന്നാൽ ഈ വാദമുഖങ്ങൾ ബംഗാൾ സിപിഎം സെക്രട്ടറിയുടെ തുറന്നുപറച്ചിലൂടെ തകർന്നടിയുകയാണ്.

‘2019ൽ തൃണമൂൽ കോൺഗ്രസിനെ പുറത്താക്കാൻ തക്ക ശക്തിയുണ്ടെന്ന് കരുതി ഞങ്ങളുടെ അനുയായികളിൽ വലിയൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തു എന്നത് ഒരു വസ്തുതയാണെ’ന്ന് സലിം പറഞ്ഞു. ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ  പരാജയപ്പെടുത്താൻ സിപിഎം കേഡർമാർ ബിജെപിയുമായി അനൗപചാരിക സഖ്യത്തിന് പോകുമെന്ന് ചില ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ടുകൾ പറയുന്നുവെന്നും മുഹമ്മദ് സലിം തുറന്നുപറയുന്നു.  ഇതിന് പിന്നാലെ ചില കർശന നടപടികൾ പാർട്ടിയിൽ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മതേതരത്വം കാത്തു സൂക്ഷിക്കുന്ന കോൺഗ്രസുമായി മാത്രമേ സഖ്യം രൂപീകരിക്കൂ. പാർട്ടി തീരുമാനം ലംഘിക്കുന്നവർക്കെതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കാനും നേതൃത്വം തീരുമാനിച്ചു.
വ്യാഴാഴ്ച കൊൽക്കത്തയിൽ സമാപിച്ച രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ തലത്തിൽ ബിജെപി യോട് കടുത്ത വിരോധം അഭിനയിക്കുകയും എന്നാൽ അധികാരത്തിനു വേണ്ടി ഏത് വർഗീയ ശക്തികളുമായും കൂട്ടു കൂടുന്ന സിപിഎം ഇരട്ടത്താപ്പിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. എന്തായാലും വൈകിയാണെങ്കിലും സിപിമിന് വിവേകം ഉണ്ടായി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്