ആലപ്പുഴ : സിപിഎം ഒത്തുകളിയില്‍ തൃപ്പെരുന്തുറ പഞ്ചായത്ത് ഭരണം ബിജെപി സ്വന്തമാക്കി. ബിന്ദു പ്രദീപാണ് പുതിയ പ്രസിഡൻ്റ്. സിപിഎം അംഗത്തിന്‍റെ വോട്ട് അസാധുവായതാണ് ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചത്. സിപിഎം പഞ്ചായത്തംഗം അജിത ദേവരാജന്‍റെ വോട്ടാണ് അസാധുവായത്. സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗത്തിന്‍റെ ഭാര്യ കൂടിയാണിവർ.
അതേസമയം മൂന്നാം തവണയാണ് പഞ്ചായത്തിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയിൽ രണ്ട് തവണ സിപിഎമ്മിലെ വിജയമ്മ ഫിലെന്ദ്രൻ പ്രസിഡന്‍റ് ആയെങ്കിലും പാർട്ടി നിർദേശപ്രകാരം രാജിവയ്ക്കുകയായിരുന്നു.
പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിക്കാനായിരുന്നു തുടക്കം മുതല്‍ സിപിഎം ശ്രമിച്ചത്. കോണ്‍ഗ്രസ് രണ്ടു തവണ പിന്തുണച്ച് അവസരം നല്‍കിട്ടും രാജിവച്ച് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനായിരുന്നു സിപിഎമ്മിന്‍റെ ശ്രമം. എന്നാല്‍ ഏതു വിധേനയും ബിജെപി അധികാരത്തില്‍ വരുന്നതു തടയുക എന്നതായിരുന്നു യുഡിഎഫിന്‍റെ ലക്ഷ്യം. ഇതനുസരിച്ചാണ് സിപിഎമ്മിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത്.
തൃപ്പെരുന്തുറ പഞ്ചായത്തില്‍ ആകെ 18 വാര്‍ഡുകളാണുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. യുഡിഎഫ്-6, എന്‍.ഡി.എ-6,എല്‍.ഡി.എഫ് 5, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. പട്ടികജാതി വനിതയ്ക്കാണ് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സംവരണം ചെയ്തിട്ടുള്ളത്. പട്ടികജാതി വിഭാഗത്തില്‍ നിന്നും വിജയിച്ച വനിതകളാരും ഇല്ലാത്തതിനാലായിരുന്നു യുഡിഎഫിന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയാതിരുന്നത്.