വിഴിഞ്ഞത്തിന്റെ ഉദ്ഘാടന വേദിയില്‍ ഇതുഭാഗങ്ങളില്‍ നിന്ന് മുദ്രാവാക്യവിളികളുമായി സിപിഎം-ബിജെപി പ്രവര്‍ത്തകര്‍

Jaihind News Bureau
Friday, May 2, 2025

വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ദിവസം ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍. സിപിഎമ്മിന് അനുകൂലമായി ഒരു വിഭാഗവും ബിജെപിക്ക് അനുകൂലമായി മറ്റൊരു വിഭാഗവുമാണ് പോര്‍ വിളി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തിയത് പ്രമാണിച്ച് ഇന്നലെയും ഇന്നുമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. അതിന്റെ ഭാഗമായി ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കാതിരിക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇന്ന് രാവിലെ 10:30 ഓടെയാണ് പ്രധാനമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. തുറമുഖം സന്ദര്‍ശിക്കുന്നതിനിടയിലായിരുന്നു സംഭവം. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ചടങ്ങിനായി വേദിയിലേക്ക് കയറും മുമ്പാണ് മുദ്രാവാക്യ വിളികളുമായി ആളുകള്‍ നിറഞ്ഞത്. യുഡിഎഫിന്റെ സ്വപ്‌ന പദ്ധതിയാണ് നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ പദ്ധതിക്ക് തുടക്കം കുറിച്ച ജനനായകനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ചു കൊണ്ടാണ് ചടങ്ങ് അവസാനിച്ചത്.