
സി പി എം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ അഴിമതിക്കഥകൾ വീണ്ടും പുറത്തുവരുന്നു. അടൂർ സർവീസ് സഹകരണ ബാങ്കിൽ 75 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായും ഇതിന് കൂട്ടുനിൽക്കാത്തതിനെ തുടർന്ന് തന്നെ വേട്ടയാടുകയാണെന്നും തുറന്നുപറഞ്ഞ് ബാങ്ക് പ്രസിഡന്റ് പൊൻതാമരപിള്ള രംഗത്തെത്തി. മുൻ എംഎൽഎയും സി പി എം മുതിർന്ന നേതാവുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയും മഹിളാ അസോസിയേഷൻ നേതാവുമാണ് ഇവർ.
ബാങ്കിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും ഇതിനെ ചോദ്യം ചെയ്ത തന്നെ പുറത്താക്കാൻ പ്രാദേശിക സി പി എം നേതാക്കൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നതായും പൊൻതാമരപിള്ള ആരോപിച്ചു. ജീവനക്കാരും പാർട്ടിയുടെ പ്രാദേശിക നേതൃത്വവും അഴിമതിക്ക് ഒത്താശ ചെയ്യുകയാണ്. അവിശുദ്ധമായ ഇത്തരം നടപടികൾക്ക് കൂട്ടുനിൽക്കാൻ മനസാക്ഷി അനുവദിക്കാത്തതിനാലാണ് താൻ പദവി രാജിവെക്കുന്നതെന്ന് അവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സ്വന്തം പാർട്ടി ഭരിക്കുന്ന ഭരണസമിതിക്കെതിരെ ഗൗരവകരമായ ആരോപണങ്ങളുമായി പൊൻതാമരപിള്ളയെ വാർത്താ സമ്മേളനത്തിന് എത്തിച്ചത് ഭർത്താവും മുൻ എംഎൽഎയുമായ ആർ. ഉണ്ണികൃഷ്ണപിള്ള തന്നെയാണ് എന്നത് ശ്രദ്ധേയമായി. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹവും അഴിമതിയും എത്രത്തോളം രൂക്ഷമാണെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ തനിക്ക് പാർട്ടിക്കുള്ളിൽ നിന്നും ബാങ്കിലെ പ്രാദേശിക നേതാക്കളിൽ നിന്നും കടുത്ത മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്നും അവർ വെളിപ്പെടുത്തി.
കരുവന്നൂരിന് പിന്നാലെ അടൂരിലും സി പി എം നിയന്ത്രണത്തിലുള്ള ബാങ്കിൽ അഴിമതി ആരോപണം ഉയർന്നത് ഇടതുമുന്നണിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്. പാർട്ടിയിലെ തന്നെ മുതിർന്ന നേതാക്കളുടെ കുടുംബം പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. പാവപ്പെട്ടവരുടെ നിക്ഷേപം പാർട്ടി നേതാക്കൾ കൊള്ളയടിക്കുകയാണെന്ന ആരോപണം ഇതോടെ കൂടുതൽ ശക്തമായി.