കണ്ണൂരില്‍ സി.പി.എം കലാപത്തിന് കോപ്പ് കൂട്ടുന്നു ; ബോംബ് നിർമാണം അവസാനിപ്പിക്കണം : സതീശന്‍ പാച്ചേനി

Jaihind News Bureau
Monday, September 21, 2020

കണ്ണൂർ : ജില്ലയിൽ വ്യാപകമായി നടക്കുന്ന ബോംബ് നിർമ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണമെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി. നാടിന്‍റെ സമാധാന ജീവിതത്തിന് ഭീഷണിയായി മാറുന്ന കിരാത പ്രവർത്തിയിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ സി.പി.എം പാർട്ടിയെ നയിക്കുന്ന നേതാക്കളൊക്കെയുള്ള ജില്ലയിലാണ് പാർട്ടി പ്രവർത്തകർ ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടിത്തെറിച്ച് കൊണ്ടിരിക്കുന്നത്. ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും കൂടാരമായി സി.പി.എമ്മിനെ മാറ്റുന്നത് അഭിമാനകരമായി കാണുന്ന നേതൃത്വമാണ് സി.പി എമ്മിനുള്ളത് എന്നതിന്‍റെ വ്യക്തമായ തെളിവാണ് അടിക്കടിയുണ്ടാകുന്ന ഇത്തരം വാർത്തകളെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. ബോംബ് നിർമ്മിക്കൽ കുടിൽ വ്യവസായമാക്കി മാറ്റി ക്രിമിനലുകളെ പോറ്റാനും പുതിയ പുതിയ ക്രിമിനലുകളെ സൃഷ്ടിക്കാനും നാടിന്‍റെ ശാന്തിയും സമാധാനവും തകർക്കാനും ഭീകരരിൽ നിന്നും ക്വട്ടേഷൻ എടുത്ത് സി.പി.എം പ്രവത്തിക്കുന്നുണ്ടെങ്കിൽ അത് ജനങ്ങളോട് തുറന്ന് പറയാൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയിൽ കലാപത്തിന് സി.പി.എം കോപ്പുകൂട്ടുന്നതിന്‍റെ ഒടുവിലത്തെ തെളിവാണ് പൊന്ന്യത്തിന് പിറകെ നടുവനാട് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനം. അനങ്ങാപ്പാറ നയം മാറ്റി ക്രിമിനലുകളെ തുറങ്കിലടക്കാൻ ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ട് വരണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.