ഇന്ദിരാഭവനെതിരായ സിപിഎം ആക്രമണം: ശക്തമായി അപലപിച്ച് കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Monday, June 13, 2022

ഇന്ദിരാഭവന് നേരേ സിപിഎം നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. സംസ്ഥാനമെങ്ങും മുഖ്യമന്ത്രിക്കെതിരേ ജനാധിപത്യ രീതിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നതിന് പ്രതികാര നടപടിയെന്നോണമാണ് കെപിസിസി ആസ്ഥാനത്തിന് നേരേ മാർക്സിസ്റ്റ് ഗുണ്ടകളുടെ ആക്രമണമുണ്ടായത്.

പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ പോലീസിനെ വിട്ട് തല്ലച്ചതയ്ക്കുന്ന ഭരണകൂട കാടത്തത്തിന് പിന്നാലെ ക്രമസമാധാന നില അട്ടിമറിച്ച് സംഘർഷാന്തരീക്ഷമുണ്ടാക്കാനാണ് സിപിഎം ശ്രമം. കെപിസിസി ഓഫീസിന് നേരേ നടന്ന ആക്രമണവും പലയിടങ്ങളിലും കോൺഗ്രസ് പ്രവർത്തകർക്കുനേരേ ഉണ്ടായ സംഘർഷങ്ങളും അതാണ് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിക്കെതിരേ സംസ്ഥാനത്തുടനീളം അലയടിക്കുന്ന ജനരോഷത്തെ മറച്ചുപിടിക്കാൻ ഇതുകൊണ്ടൊന്നും കഴിയില്ലെന്ന് സിപിഎം തിരിച്ചറിയണം.

സർക്കാരിനെതിരായ പ്രതിഷേധം കൈകാര്യം ചെയ്യാൻ പോലീസിനെക്കൊണ്ട് കഴിയില്ലെങ്കിൽ പാർട്ടി നോക്കിക്കോളാമെന്ന വ്യാമോഹം കേരളത്തിൽ നടക്കില്ല. പ്രതിഷേധത്തിന്‍റെ മറവിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരേ സിപിഎം നടത്തുന്ന അതിക്രമങ്ങൾക്ക് മുഖ്യമന്ത്രിയും മാർക്സിസ്റ്റ് പാർട്ടിയും മറുപടി പറയേണ്ടി വരുമെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു.