തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സിപിഎം നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നാളെ കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി പറഞ്ഞു.
അക്രമവുമായി മുന്നോട്ടുപോകാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കില്‍ ആത്മരക്ഷാർത്ഥം പ്രതിരോധിക്കേണ്ടി വരുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. വ്യാപക ആക്രമണമാണ് സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ഗുണ്ടാസംഘം സംസ്ഥാനത്തുടനീളം അഴിച്ചുവിട്ടത്. കെപിസിസി ആസ്ഥാനമന്ദിരത്തിന് നേരെ കല്ലേറ് നടത്തിയ ഡിവൈഎഫ്ഐ സംഘം ഫ്ലക്സുകള്‍ വലിച്ചുകീറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.