പെരിയയിൽ വീണ്ടും സി.പി.എം അക്രമം; ഗുരുതരമായി പരുക്കേറ്റ കോൺഗ്രസ് നേതാവ് ആശുപത്രിയിൽ

Jaihind News Bureau
Tuesday, March 17, 2020

കാസർഗോഡ് : കാസർഗോഡ് പെരിയയിൽ വീണ്ടും  സി.പി.എം അക്രമം. പെരിയ മുൻ പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ  സി.കെ അരവിന്ദന് നേര്‍ക്കാണ്  സി.പി.എം പ്രവർത്തകരുടെ ആക്രമണമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അരവിന്ദനെ ചാലിങ്കാലിൽ വെച്ച് സി.പി.എം പ്രവർത്തകർ അക്രമിക്കുകയായിരുന്നു.

സി.പി.എം ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അരവിന്ദനെ മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം പ്രാദേശിക നേതാവ് കാനത്തിൽ അശോകന്‍റെ നേതൃത്വത്തിലാണ് വധശ്രമം നടന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങള്‍ക്ക്  അരവിന്ദന്‍ നേതൃത്വം നല്‍കുന്നത് സി.പി.എമ്മിനെ അസ്വസ്ഥമാക്കിയിരുന്നു. ഇതിനിടെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ അരവിന്ദൻ പഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്തിയിരുന്ന പ്രവർത്തനങ്ങളിലും സി.പി.എം അതൃപ്തരായിരുന്നു.

കൃപേഷ്, ശരത് ലാൽ വധക്കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അരവിന്ദന്‍റെ നീക്കം സി.പി.എം നിരീക്ഷിക്കുകയായിരുന്നു. സി.പിഎം നേതൃത്വത്തിന്‍റെ അറിവോട് കൂടിയാണ് ഈ ഹീന പ്രവൃത്തി ചെയ്തതെന്ന് പെരിയയിലെ കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ജവഹർ ബാലജനവേദിയുടെ മുൻ ജില്ലാ ചെയർമാനാണ് സി.കെ അരവിന്ദന്‍. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം തയാറല്ലെന്നതിന്‍റെ അവസാനത്തെ തെളിവാണ് അരവിന്ദന്‍ വധശ്രമക്കേസ്.