പരാജയ ഭീതി : കുന്നംകുളത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് സിപിഎം ; യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ്, റീത്ത് വെച്ചു

Jaihind Webdesk
Sunday, April 4, 2021

 

തൃശൂർ : കുന്നംകുളത്ത് പരാജയ ഭീതിയിൽ സിപിഎം വ്യാപക അക്രമം അഴിച്ചു വിടുന്നതായി പരാതി. യുഡിഎഫ് സ്ഥാനാർത്ഥി കെ.ജയശങ്കറിന്‍റെ വീടിന് മുന്നിൽ ഇന്നലെ രാത്രി സിപിഎം പ്രവർത്തകർ റീത്ത് വെച്ചു. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.

കുന്നംകുളത്ത് മന്ത്രി എ.സി മൊയ്തീനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. ലൈഫ് മിഷൻ അഴിമതി ആരോപണത്തിൽ അടക്കം അദ്ദേഹം പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി കെ.ജയശങ്കർ പ്രചാരണ രംഗത്ത് മുന്നേറിയതോടെ എ.സി മൊയ്തീൻ ശരിക്കും വിയർത്തു. ജനകീയനായ ജയശങ്കർ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സിപി എമ്മിന്റെ കുത്തക വാർഡുകളിൽ അട്ടിമറി ജയങ്ങൾ നേടിയിട്ടുണ്ട്. മണ്ഡലത്തിൽ അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യത സിപിഎമ്മിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി കാട്ടകാമ്പൽ ചിറക്കൽ പ്രദേശത്ത് ജയശങ്കറിന്റെ വാഹന പ്രചാരണത്തിന് നേരെ വ്യാപക അക്രമം നടന്നു. കല്ലേറിൽ സ്ഥാനാർത്ഥി അടക്കം 18 യു ഡി എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് രാത്രി ജയശങ്കറിന്റെ വീടിന് നേരെയും ആക്രണം ഉണ്ടായത്.