കൊവിഡ് സന്നദ്ധപ്രവർത്തനങ്ങളിൽ വിറളിപൂണ്ട് സിപിഎം ; കെ.എസ്.യു പ്രവർത്തകർക്കുനേരെ അതിക്രമം, പരിക്ക്

Jaihind Webdesk
Thursday, June 3, 2021

ആലപ്പുഴ :  കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കെ.എസ്.യു പ്രവർത്തകർക്കുനേരെ സിപിഎം അക്രമം. മാവേലിക്കരയിലാണ്  സംഭവം. വനിത പ്രവർത്തകർക്കടക്കം അക്രമത്തില്‍ ഗുരുതരപരിക്കേറ്റു.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒന്നര മാസകാലമായി മാവേലിക്കരയിലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഭക്ഷ്യകിറ്റ് വിതരണവും നടന്നു വരികയാണ്. കഴിഞ്ഞ ദിവസം ഭക്ഷ്യക്കിറ്റുകൾ നൽകി തിരികെ പോരുന്നതിനിടയിലാണ് സിപിഎം പ്രവർത്തകർ ഇവർക്ക് നേരെ അക്രമം അഴിച്ചുവിട്ടത്.

വള്ളികുന്നം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കോമളന്റെ നേതൃത്വത്തിൽ പതിനഞ്ചോളാം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനം തടയുകയും പ്രവർത്തകരെ മർദ്ദിക്കുകയുമായിരുന്നു. തടയാൻ ചെന്ന പെൺകുട്ടികളെയടക്കം അശ്ലീലം പറയുകയും കമ്പും വടികളുമായി മർദിക്കുകയും ചെയ്തു. സെക്ട്രൽ മജിസ്‌ട്രെറ്റും പൊലീസും നോക്കിനിൽക്കെയായിരുന്നു അതിക്രമം.

കെഎസ്‌യു ഭാരവാഹികളായ അഡ്വ.മുത്താരാ രാജ്, അനീഷ്‌ അനു, ഹംസ ഹനീഫ്,ജിഷ ഷാജി എന്നിവരെഗുരുതര പരിക്കുകളോടെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് കാലത്തു നടത്തുന്ന സന്നദ്ധപ്രവർത്തനങ്ങളിൽ അസ്വസ്ഥരായാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്ന് കെ.എസ്‌.യു നേതാക്കൾ പ്രതികരിച്ചു.