കണ്ണൂർ : രാഷ്ടീയ കൊലപാതകക്കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം. പയ്യന്നൂർ അന്നൂരിലെ ബിഎംഎസ് പ്രവർത്തകൻ സി.കെ.രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ടി.സി.വി നന്ദകുമാറിനെയാണ് കൊരവയൽ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
സി.കെ.രാമചന്ദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് ടി.സി.വി നന്ദകുമാർ. 2016 ജൂലൈ 11നാണ് രാമചന്ദ്രനെ നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള അക്രമി സംഘം കൊലപ്പെടുത്തിയത്. കേസിൻ്റെ കുറ്റപത്രം 2016ൽ സമർപ്പിച്ചിരുന്നു. പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന ബ്രാഞ്ച് സമ്മേളനത്തിലാണ് പാർട്ടിയുടെ പയ്യന്നൂർ കൊരവയൽ ബ്രാഞ്ച് സെക്രട്ടറിയായി ടി.സി.വി നന്ദകുമാറിനെ തെരഞ്ഞെടുത്തത്.
പാർട്ടിക്കാർ അക്രമം നടത്തിയാൽ സംരക്ഷിക്കില്ലെന്ന് എപ്പോഴും പറയാറുള്ള സിപിഎം തന്നെയാണ് കൊലക്കേസ് പ്രതിക്ക് ബ്രാഞ്ച് സെക്രട്ടറി സ്ഥാനം നൽകിയത്. കൊലപാതക കേസിലെ പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കിയത് വരും ദിവസങ്ങളിൽ കണ്ണൂർ രാഷ്ട്രീയത്തിൽ ചർച്ചയാകും.